ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

പ്രതിക്ക് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരുന്നത്. റുവൈസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വഞ്ചിയൂർ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.

0
166

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായിരുന്ന ഡോ. റുവൈസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിക്ക് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരുന്നത്. റുവൈസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വഞ്ചിയൂർ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കോടതി കസ്റ്റഡിയിൽ വിട്ടത്.

മുഖ്യപ്രതിയായ റുവൈസ് അറസ്റ്റിലായെങ്കിലും, കേസിലെ രണ്ടാം പ്രതിയായ റുവൈസിന്റെ പിതാവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. പ്രായം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതി ചേർത്തതിന് പിന്നാലെ റുവൈസിന്റെ പിതാവ് അബ്ദുൾ റഷീദ് ഒളിവിൽ പോയിരുന്നു. ഇയാളെ അന്വേഷിച്ച് പൊലീസ് കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതായി ഷഹനയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. പിതാവിന്റെ നിര്‍ബന്ധത്തിന് മകനും വഴങ്ങി. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ഇരുവരുംം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസിന് പദ്ധതിയുണ്ട്. പിതാവിനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.

അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ വ്യക്തമാക്കുന്നു. മരണത്തിന് പിന്നാലെ ഷഹനയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഉപ്പ മരിച്ചതോടെ സാമ്പത്തികമായി ആരും സഹായിക്കാനില്ലെന്നും പ്രണയ വിവാഹത്തിന് സ്ത്രീധനം നൽകാൻ ശേഷിയില്ലെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.