‘കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയിൽ വന്ന കുറവ് 1,07,500 കോടി’: കണക്കുകൾ നിരത്തി മുഖ്യമന്ത്രി

ഭദ്രമായ ധനകാര്യ മാനേജ്മെന്റിലൂടെ ആഭ്യന്തര വരുമാനവും പ്രതിശീര്‍ഷ വരുമാനവും വര്‍ദ്ധിപ്പിക്കാനായി. എന്നാല്‍ കേന്ദ്രം നല്‍കേണ്ട പണം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നികുതിപ്പണം വീതിക്കുമ്പോള്‍ അര്‍ഹതപ്പെട്ടതില്‍ വലിയ കുറവ് വരുത്തുന്നു.

0
246

തിരുവനന്തപുരം: സംസ്ഥാനത്തെ കടത്തിൻ്റെ പേരിൽ കണ്ണടച്ചു വിമർശിക്കുന്നവർക്കു മുന്നിൽ കണക്കുകൾ നിരത്തുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ കഴിഞ്ഞ ഏഴുവര്‍ഷക്കാലത്തെ കണക്കെടുത്താൽ 1,07500 കോടി രൂപയാണ്. സംസ്ഥാനത്തിന് കടമെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണ്. ഇത് സംസ്ഥാനത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“2016 മുതല്‍ 83000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബി വായ്പ എടുക്കും. അതു കൃത്യമായി തിരിച്ചടക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഏജന്‍സി എന്ന നിലയില്‍ കിഫ്ബി വലിയ വിശ്വാസ്യതയാണ് നേടിയത്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ വലിയ പ്രചാരണങ്ങള്‍ ഉണ്ടായിട്ടും നല്ല നിലയ്ക്ക് വായ്പകള്‍ എടുക്കാനും കേരളത്തിന് അത് ചെലവഴിക്കാനും കഴിഞ്ഞത്.”

“എന്നാല്‍ കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി പരിഗണിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ രൂപീകരിച്ച കമ്പനിയുടെ കടവും സംസ്ഥാന കടമായി പരിഗണിക്കും എന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ കയ്യില്‍ ലഭിക്കേണ്ട പണത്തില്‍ വലിയ കുറവ് വരും.” ഇത് പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ഭദ്രമായ ധനകാര്യ മാനേജ്മെന്റിലൂടെ ആഭ്യന്തര വരുമാനവും പ്രതിശീര്‍ഷ വരുമാനവും വര്‍ദ്ധിപ്പിക്കാനായി. എന്നാല്‍ കേന്ദ്രം നല്‍കേണ്ട പണം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നികുതിപ്പണം വീതിക്കുമ്പോള്‍ അര്‍ഹതപ്പെട്ടതില്‍ വലിയ കുറവ് വരുത്തുന്നു. സാധാരണ റവന്യൂ കമ്മി കണക്കിലെടുത്ത് ഗ്രാന്റ് അനുവദിക്കാറുണ്ട്. അതും വലിയ തോതില്‍ കുറയ്ക്കുകയാണ്.”

സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ ചെലവ് സംസ്ഥാനം ചെലവഴിച്ചാലും കുടിശിക തരാതെ കേന്ദ്രം ബോധപൂര്‍വം വിഷമിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതു വികാരം പ്രകടിപ്പിക്കുന്ന നിലയിലാണ് ജനങ്ങള്‍ ഒന്നാകെ നവകേരള സദസ്സിലേക്ക് ഒഴുകി എത്തുന്നത്. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്ക് നടക്കാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് ജനസാഗരം നല്‍കുന്ന സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.