പാർലമെന്റ് അതിക്രമം ; യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ്

ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകള്‍ എന്നിവയാണ് ഡല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

0
280

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തികേസെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ഡിസംബര്‍ 14നായിരുന്നു ആറ് പ്രതികള്‍ കൃത്യം നടത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ സന്ദര്‍ശക പാസ് നല്‍കിയതിലെ പിഴവ് കാരണം ഡിസംബര്‍ 13ലേക്ക് മാറ്റുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകള്‍ എന്നിവയാണ് ഡല്‍ഹി പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അതേസമയം പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാധ്യമ പ്രവർത്തകർക്കും, പാർലമെന്റ് ജീവനക്കാർക്കും വെവ്വേറെ ഗേറ്റ് ഒരുക്കാനും തീരുമാനമായി. സന്ദർശക ഗാലറിയിൽ ​ഗ്ലാസ് മറ സജ്ജമാക്കും, സന്ദർശക പാസ് അനുവധിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താനും എയർപോർട്ടിലേതിന് സമാനമായ ബോഡി സ്കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനിച്ചു.

മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോ​ഗിച്ചത്. ആറു പേരാണ് പാർലമെന്റിന് അകത്തും പുറത്തുമായി പ്രതിഷേധിച്ചത്. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം. സിആര്‍പിഎഫ് ഡി ജി അനീഷ് ദയാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തില്‍ മറ്റ് സുരക്ഷ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കാളികളാകും. പാര്‍ലമെന്റിന്റെ സുരക്ഷാ ലംഘനത്തിന്റെ കാരണങ്ങളെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.