വയനാട്ടിലെ നരഭോജിയായ കടുവയെ തിരിച്ചറിഞ്ഞു ; വെടിവെച്ചുകൊല്ലാനുള്ള നടപടികൾ തുടരുന്നു

വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുവ ശക്തമായ നിരീക്ഷണത്തിലാണ്.

0
126

വയനാട് വാകേരിയില്‍ മനുഷ്യനെ കടിച്ച് കൊന്ന കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് പ്രജീഷിനെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. വെറ്റിനറി സർജൻ ഡോ അജേഷ് മോഹൻദാസ് അടക്കമുള്ള വെറ്റിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തി. കടുവയെ ഇപ്പോള്‍ അകലമിട്ട് നിരീക്ഷിച്ച് വരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കടുവ ശക്തമായ നിരീക്ഷണത്തിലാണ്. ഇതിനായി 25 ക്യാമറകളും രണ്ട് കൂടും സജ്ജമാണ്. അഞ്ചു പട്രോളിങ് ടീമും ഷൂട്ടേഴ്സും ഡോക്ടർമാരും പ്രദേശത്ത് ഉണ്ടെന്നും ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കഴിഞ്ഞ ദിവസം കൊന്നത്. പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.