വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ കേന്ദ്രീകരിച്ച് വ്യാപക ഭക്ഷ്യസുരക്ഷാ പരിശോധന ; 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 995 ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.

0
160

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡിസംബര്‍ 12, 13 തീയതികളിലായി സംസ്ഥാന വ്യാപകമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റല്‍, മെസ്സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 995 ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. കൂടാതെ 10 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഹോസ്റ്റലുകളില്‍ നിന്നും മറ്റും ലഭിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന് തുടര്‍ച്ചയായി പരാതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഈ പരിശോധനകള്‍ നടത്തിയത്. 3 പേര്‍ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകളായിരുന്നു ഈ പരിശോധനകള്‍ നടത്തിയത്.

നിയമാനുസൃതം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന 179 സ്ഥാപനങ്ങള്‍ ഈ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന നിയമ നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പ്രതിപാദിയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഹോസ്റ്റല്‍, കാന്റീന്‍, മെസ്സ് നടത്തുന്നവര്‍ കൃത്യമായി പാലിക്കണം. ഈ കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 2006ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.