ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച; കണ്ണീർവാതക ഷെല്ലുകളുമായി രണ്ടു പേർ നടുത്തളത്തിലേക്ക് ചാടി

പാർലമെന്റാക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിലാണ് ലോക്സഭയിൽ രണ്ടു പേർ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്.

0
327

ദില്ലി : ലോക്സഭയിൽ വൻ സുരക്ഷവീഴ്ച. സന്ദർശക ​ഗാലറിയിൽ നിന്നും രണ്ട് പേര്‍ കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. ഇവർ എറിഞ്ഞ ഷെല്ലിൽ നിന്ന് വന്ന പുക ലോക്സഭയിൽ നിറഞ്ഞു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് പിടിയിലായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.

യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയത്. പാർലമെന്റാക്രമണത്തിന്റെ 22 വർഷങ്ങൾ തികയുന്ന ദിവസത്തിലാണ് ലോക്സഭയിൽ രണ്ടു പേർ ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്മോക് ഷെൽ എറിയുകയുമായിരുന്നു. ഖലിസ്താൻ നേതാവ് ഗുർപത്വന്ത് സിങ് പന്നു ഒരാഴ്ച മുൻപ് പാർലമെന്റാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമിക്കുമെന്ന് ഭീഷണി സന്ദേശമയച്ചിരുന്നു. ഇക്കാര്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്.