സുരക്ഷയോടെ സന്നിധാനവും കാനനപാതയും ; ഇതുവരെ എത്തിയത് 15,82,536 ലക്ഷം തീർത്ഥാടകർ

കഴിഞ്ഞ ആഴ്ച്ചയെകാള്‍ കൂടുതലായി ഒരു മിനിറ്റില്‍ 80-85 പേരെയാണ് പതിനെട്ടാം പടിയിലൂടെ കയറ്റിവിടുന്നത്.

0
246

ശബരിമല: വ‍ൃശ്ചിക മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. ഹൈക്കോടതി നിർദേശങ്ങളും സംസ്ഥാന സർക്കാർ തീരുമാനങ്ങളും ആയി സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂര്‍ണ സജ്ജമാണ്. വെര്‍ച്ച്വല്‍, ക്യൂ വഴി 43,595 തീര്‍ത്ഥാടകർ ഇന്ന് സന്നിധാനത്തെത്തി. ഇതുവരെ ആകെ 15,82,536 ലക്ഷം ഭക്തരാണ് ഈ സീസണിൽ ദർശനം നടത്തിയത്. കഴിഞ്ഞ ആഴ്ച്ചയെകാള്‍ കൂടുതലായി ഒരു മിനിറ്റില്‍ 80-85 പേരെയാണ് പതിനെട്ടാം പടിയിലൂടെ കയറ്റിവിടുന്നത്. നടപ്പന്തലില്‍ മാളികപ്പുറങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുക്കിയ പ്രത്യേക നടപ്പാതയും അയ്യപ്പ ദര്‍ശനം എളുപ്പത്തിലാക്കുന്നു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാനനപാതയില്‍ ഓരോ താവളങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നതിന് അനുസരിച്ചാണ് കടത്തിവിടുന്നത്. സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ റവന്യൂ സ്‌ക്വാഡിനെയും പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാനനപാതയില്‍ ജല അഥോറിറ്റിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കേന്ദ്രങ്ങളും പൂർണ്ണ സജ്ജം. ഭക്തജന തിരക്കിനെ തുടർന്ന് പമ്പയിൽ പുതിയ കിയോസ്കുകളും സജ്ജമായി.

സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1950 പോലീസുകാരെയാണ് ശബരിമലയിലാകെ വിന്യസിപ്പിച്ചിട്ടുള്ളത്. സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്കും ഉദ്യോഗസ്ഥകര്‍ക്കും ജീവനക്കാര്‍ക്കും ദാഹമകറ്റാന്‍ ദേവസ്വം ബോര്‍ഡിന്റെ സൗജന്യ ചുക്ക് വെള്ളവും ബിസ്കറ്റും വിതരണവും സജീവമാണ്.