ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ല; കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീംകോടതി, ഹർജിക്കാരുടെ വാദം തള്ളി

ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു.

0
215

ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീംകോടതി. ഹർജിക്കാരുടെ വാദം സുപ്രിംകോടതി തള്ളി. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാമെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം കോടതി ശരിവച്ചു.  മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിന് ഇല്ലെന്നും കോടതി പറഞ്ഞു.

യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ മൂന്ന് യോജിച്ച വിധികളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ചില കാര്യങ്ങളില്‍ കോടതി വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം കോടതി ശരിവെച്ചു.

ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം ജമ്മു കശ്മീരിൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണപരമായും നിയമപരമായുമുള്ള അധികാരമുണ്ട്. ജമ്മു കശ്മീരിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്.  ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.