‘ രണ്ടുതവണ ജയിലിൽ കിടന്നിട്ടുണ്ട് ‘ ; അനുഭവം പങ്കുവെച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

പൊലീസുകാരില്‍ നിന്നും ഒരു വിളി വരുമ്പോള്‍ പേടിയാണ്. അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയായിരിക്കും അന്നേരം

0
474

മിമിക്രി വേദിയിലൂടെ വെള്ളിത്തിരയിലെത്തി അതിവേഗം പ്രശസ്തിയിലേക്ക് എത്തിയ താരമാണ് നമ്മുടെ ധര്‍മജന്‍ ബോള്‍ഗാട്ടി. രമേഷ് പിഷാരടിയ്‌ക്കൊപ്പമുള്ള കോംബിനേഷന്‍ ആയിരുന്നു ധര്‍മജനെയും ശ്രദ്ധേയനാക്കിയത്. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള ഇവരുടെ പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . അങ്ങനെ ഹിറ്റ് ടെലിവിഷന്‍ പരിപാടിയിലൂടെ വീണ്ടും താരം ശ്രദ്ധേയനായി. കോമഡി നടനായിട്ടും സഹനടനായിട്ടുമൊക്കെ ധർമജൻ തിളങ്ങി. മിമിക്രി വേദികളിലും ടിവി പരിപാടികളിലും തിളങ്ങിയ ശേഷമാണ് നടന്‍ സിനിമകളിലും സജീവമായത്. ദിലീപിന്റെ പാപ്പി അപ്പച്ചയിലൂടെ അരങ്ങേറിയ താരം ഇന്ന് മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളാണ്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.

ഇപ്പോള്‍ അഭിനയ രംഗത്തും സജീവമായിരിക്കുന്ന താരം ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികളിലുമൊക്കെ പങ്കെടുക്കാറുണ്ട്.അത്തരത്തില്‍ ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ പങ്കെടുത്ത ധര്‍മജന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. സബ് ജയിലില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രസകരമായ ചില വെളിപ്പെടുത്തലാണ് ധര്‍മജന്‍ നടത്തിയിരിക്കുന്നത്. താനും രണ്ട് തവണ ജയിലില്‍ കിടന്നിട്ടുള്ള അനുഭവവമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. പൊലീസിന്റെ ഒത്തിരി പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. എങ്കിലും പൊലീസുകാരില്‍ നിന്നും ഒരു വിളി വരുമ്പോള്‍ പേടിയാണ്. അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയായിരിക്കും അന്നേരം. പക്ഷെ വലിയൊരു കാര്യം എന്തൊണെന്ന് വെച്ചാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങളെ പോലെ രണ്ട് തവണ ഈ ജയിലില്‍ കിടക്കാനുള്ള യോഗം എനിക്കുണ്ടായിട്ടുണ്ട്. അന്ന് എട്ട് ദിവസം ജയിലില്‍ കിടക്കാനുള്ള യോഗമാണ് തനിക്കുണ്ടായതെന്ന് ധര്‍മജന്‍ പറയുന്നു.

ഇത് പറഞ്ഞതും ചുറ്റുമുള്ളവരെല്ലാം കൈയ്യടിച്ച് കൊണ്ട് താരത്തെ പ്രോത്സാഹപ്പിക്കുകയായിരുന്നു. ശേഷം വീണ്ടും ധർമജൻ തുടർന്നു, ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ചിലപ്പോള്‍ ഓര്‍മയുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള സമരവുമായി വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസിലാണ് ഒരു തവണ ജയിലില്‍ കിടക്കേണ്ടി വന്നത്. മറ്റൊന്ന് കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു. അത് എന്തിന് വേണ്ടിയാണെന്ന് പറയാന്‍ പറ്റില്ല. എന്തായാലും താന്‍ രണ്ട് തവണ നിങ്ങളെ പോലെ ജയില്‍ പുള്ളിയായി ഇവിടെ കിടന്നിട്ടുണ്ടെന്നും തമാശരൂപേണ ധര്‍മജന്‍ പറഞ്ഞു. കേരളത്തിലെ ഒരുമാതിരിപ്പെട്ട ജയിലുകളിലൊക്കെ പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഇവിടെ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് ജയിലിലെ അനുഭവങ്ങളെ പറ്റി ധര്‍മജന്‍ പറഞ്ഞത്. എന്തായലും ധർമജന്റെ ജയിൽ വിശേഷങ്ങൽ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണിപ്പോള്‍.