ജീവനെടുത്ത സ്ത്രീധനമോഹം; പ്രതി ഡോ. റുവൈസിൻ്റെ ജാമ്യാപേക്ഷ തള്ളി

കേസില്‍ ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസില്‍ പ്രതി ചേർത്തത്.

0
3414

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം എസി ജെ എം കോടതി. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് നടപടി.

ഒ പി ടിക്കറ്റിന് പിന്നിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിും ബന്ധുക്കളുടെ മൊഴിയും മറ്റ് സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റുവൈസ് സ്ത്രീധനം ചോദിച്ചെന്ന ബന്ധുക്കളുടെ മൊഴിയും നിലനിൽക്കുന്നുണ്ട്. പി ജി ഡോക്ടർമാരുടെ സംഘടനയായ കെ എം പി ജി എയുടെ പ്രസിഡന്റായിരുന്ന റുവൈസ് അറസ്റ്റിലായതോടെ പുറത്താക്കിയിരുന്നു.

ഷഹനയുമായുള്ള വിവാഹത്തില്‍ നിന്ന് അവസാന നിമിഷമാണ് ഡോ. റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

കേസില്‍ ഡോ. റുവൈസിന്റെ അച്ഛനെയും പൊലീസ് പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. ഇതേ തുടർന്നാണ് റുവൈസിന്റെ അച്ഛനെയും കേസില്‍ പ്രതി ചേർത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്‍റെ പുറകിൽ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഞാൻ വ‍ഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന ഒ പി ടിക്കറ്റിൽ കുറിച്ചിരുന്നു.