മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുള്ള ആക്രമണം ; കോൺഗ്രസിന്റെ ആസൂത്രിത ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ

നവകേരള സദസ്സിൽ സ്വന്തം മണ്ഡലത്തിലെ ജനപങ്കാളിത്തം കൂടി ആയതോടെ പ്രതിപക്ഷ നേതാവിന്റെ മാനസിക നില കൂടുതൽ വഷളായി. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ അണികളെ കയറൂരി വിട്ടതെന്നും ഇ പി ജയരാജൻ പറഞ്ഞു.

0
1072

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ആസൂത്രിത ഗൂഢാലോചനയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കി വിടുന്നതിനു നേതൃത്വം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിനെ സർവ്വജന വിഭാഗങ്ങളും നെഞ്ചേറ്റിയിരിക്കുന്നു. കോൺഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും പ്രമുഖ നേതാക്കൾ ഉൾപ്പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി ഡി സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കളിൽ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല എന്നും ഇ പി ജയരാജൻ പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സർക്കാരിന്റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടത്. എന്നാൽ പ്രതിപക്ഷം ബഹിഷ്കരിക്കാനാണ് തീരുമാനിച്ചത്. പക്ഷെ, ആ ബഹിഷ്കരണ ആഹ്വാനം ജനങ്ങൾ തള്ളിയതോടെയാണ് കോൺഗ്രസ് അക്രമ സമരത്തിലേക്ക് നീങ്ങിയത്. എന്നിട്ടും ജനങ്ങൾ കൂടുതൽ കൂടുതൽ പരിപാടിയിലേക്ക് പങ്കെടുക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ ജനപങ്കാളിത്തം കൂടി ആയതോടെ പ്രതിപക്ഷ നേതാവിന്റെ മാനസിക നില കൂടുതൽ വഷളായി. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ അണികളെ കയറൂരി വിട്ടതെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഇത്തരം അക്രമ സമരത്തെ കുറിച്ച് കോൺഗ്രസിലെ സമാധാന കാംക്ഷികളായ നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. . അക്രമാസക്തമാവുകയും പോലീസ് പിടികൂടുമ്പോൾ മർദ്ദനമെന്ന മുറവിളിയും ഉയർത്തുകയാണ്. പരിശീലനം ലഭിച്ച സംഘങ്ങളെയാണ് ഓരോയിടത്തും ഇവർ ഒരുക്കി നിർത്തുന്നത്. ഇങ്ങനെ അക്രമിസംഘത്തെ അഴിഞ്ഞാടാൻ തുറന്ന് വിടുന്നതിനെ കുറിച്ച് മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു