നവകേരള സദസ് ഇന്ന് പെരുമ്പാവൂരില്‍നിന്ന് പുനരാരംഭിക്കും

കാനം രാജേന്ദ്രന്‍റെ സംസ്കാര ചടങ്ങുകള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പില്‍ നടക്കും.

0
92

കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്,എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് പര്യടനം തുടരുക. തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും.

കാനം രാജേന്ദ്രന്‍റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് എന്നാണ് സംഘടിപ്പിക്കക എന്ന കാര്യം പിന്നീടായിരിക്കും തീരുമാനിക്കുക.

കാനം രാജേന്ദ്രന്‍റെ സംസ്കാര ചടങ്ങുകള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പില്‍ നടക്കും. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപ യാത്രക്കൊടുവിലാണ് കാനത്തിന്‍റെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുന്നത്. രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. ഇന്ന് മന്ത്രിമാരടക്കമുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തും.