ചുഴലിക്കാറ്റ്: ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ

വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും ദുരിതബാധിതർക്കുള്ള സഹായവും അവലോകനം ചെയ്യുന്നതിനായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

0
289

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായവർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 6,000 രൂപയാണ് നഷ്ട പരിഹാരം നൽകുന്നത്.  റേഷൻ കടകളിലൂടെ പണമായി നൽകുമെന്ന് സർക്കാർ ഔദ്യോഗിക ഉത്തരവിൽ പറയുന്നു. കൂടാതെ, വെള്ളപ്പൊക്കം നാശം വിതച്ച വിളകൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ മറ്റ് വിഭാഗങ്ങൾക്ക് കീഴിലുള്ള ദുരിതാശ്വാസം വർദ്ധിപ്പിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും ദുരിതബാധിതർക്കുള്ള സഹായവും അവലോകനം ചെയ്യുന്നതിനായി സെക്രട്ടറിയേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നെല്ലുൾപ്പെടെ മഴക്കെടുതിയിൽ നാശം സംഭവിച്ച വിളകൾക്ക് ഹെക്ടറിന് 13,500 രൂപയിൽ നിന്ന് 17,000 രൂപയായി വർധിപ്പിച്ചതായും എം കെ സ്റ്റാലിൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നിത്യവിളകളും മരങ്ങളും നശിച്ച ഹെക്ടറിന് നഷ്ടപരിഹാരമായി നൽകുന്ന 18,000 രൂപയിൽ നിന്ന് 22,500 രൂപയായി ഉയർത്തും. മഴയെ ആശ്രയിച്ചുള്ള വിളകൾക്ക് ഹെക്ടറിന് 7,410 രൂപയായിരുന്ന നഷ്ടപരിഹാരം 8,500 രൂപയായി ഉയർത്തും. ചുഴലിക്കാറ്റിൽ മഴക്കെടുതിയിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്ന സഹായം 4 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും. തകർന്ന വീടുകൾക്കുള്ള സഹായം 5000 രൂപയിൽ നിന്ന് 8000 രൂപയാകും.