ജീവിക്കുന്നു ഞങ്ങളിലൂടെ: അന്ത്യാഭിവാദ്യം ചെയ്ത് പ്രിയ സഖാവിനെ യാത്രയാക്കി ആയിരങ്ങൾ

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ, സി പി എം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.

0
138

കോട്ടയം: ഇടനെഞ്ചുപൊട്ടുന്ന മുദ്രാവാക്യങ്ങളോടെ പ്രിയ സഖാവിനോട് യാത്ര പറയുകയാണ് ജന്മനാട്. ഞങ്ങളിലൂടെ ഇനിയും ജീവിക്കും എന്ന ഉറപ്പോടെ വേദനകളെ കടിച്ചമർത്തി അവർ കാനം രാജേന്ദ്രനോട് ലാൽസലാം പറയു ന്നു. പൂർണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സി പി ഐ, സി പി എം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്ത്യഞ്ജലിയേകാൻ ഒഴുകിയെത്തുന്നത്. 13 മണിക്കൂര്‍ നീണ്ട വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് കോട്ടയത്തെത്തിയത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെയാണ് യാത്ര മണിക്കൂറുകളോളം വൈകിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ വിലാപയാത്ര കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്‌. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ ഇവിടേക്കും ഒഴുകിയെത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു ശേഷം രാവിലെ 7.30-ഓടെയാണ് കാനത്തെ വീട്ടിൽ പൊതുദർശനമാരംഭിച്ചത്. രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമെത്തി.