ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ പ്രമേയം; വീറ്റോ ചെയ്ത് യു എസ്

ഭൂരിഭാഗം രാഷ്ട്രങ്ങളും ഗാസയിലെ ഇസ്രായേല്‍ ബോംബാക്രമണം ഉടനടി നിര്‍ത്തുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

0
719
ഗാസ മുനമ്പ് അതിർത്തിയിൽ ഇസ്രയേൽ സൈനികവാഹനങ്ങൾ വിന്യസിച്ചപ്പോൾ. ഫോട്ടോ കടപ്പാട്: എ എഫ് പി.

ഗാസ: പലസ്തീനിലെ അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം.വീറ്റോ ചെയ്ത് അമേരിക്ക. സുരക്ഷാ കൗണ്‍സില്‍ അംഗങ്ങടക്കമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തെയാണ് യുഎസ് എതിര്‍ത്തത്. ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് ഹമാസിനെ ഭരണം തുടരാന്‍ അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയിലെ യു എസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തത്.

ഹ്രസ്വമായ കരട് പ്രമേയം യുണൈറ്റഡ് അറബ് എമിറേറ്റ്‌സാണ് മുന്നോട്ടുവെച്ചത്. ഇതിന് അനുകൂലമായി പതിമൂന്ന് അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ബ്രിട്ടന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ‘ഇസ്രായേലികള്‍ക്കും പലസ്തീനിക്കും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാന്‍ കഴിയുന്ന സുസ്ഥിരമായ സമാധാനത്തെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അടുത്ത യുദ്ധത്തിന് വിത്ത് പാകുന്ന വെടിനിര്‍ത്തലിനുള്ള ഈ പ്രമേയത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല.’ റോബര്‍ട്ട് വുഡ് വ്യക്തമാക്കി.

വോട്ടെടുപ്പിന് ശേഷം നടത്തിയ പ്രസ്താവനയില്‍ ഇസ്രായേലിന്റെ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാനും വെടിനിര്‍ത്തലിനെ എതിര്‍ത്തു. ‘എല്ലാ ബന്ദികളേയും തിരിച്ച് ഹമാസിനെ തകര്‍ത്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ സാധ്യമാകൂ’, എര്‍ദാന്‍ ആവര്‍ത്തിച്ചു.

ഭൂരിഭാഗം രാഷ്ട്രങ്ങളും ഗാസയിലെ ഇസ്രായേല്‍ ബോംബാക്രമണം ഉടനടി നിര്‍ത്തുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ വോട്ടെടുപ്പിന്റെ ഫലം വിനാശകരമാണെന്ന് ഫലസ്തീനിലെ യുഎന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ കൗണ്‍സിലില്‍ പറഞ്ഞു.