കാനത്തിന് തലസ്ഥാനം യാത്രാമൊഴി നല്‍കി; കോട്ടയത്തേക്ക് അവസാന യാത്ര

ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി പാർട്ടി ഓഫീസിൽ എത്തിച്ചേർന്നത്.

0
143

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസ്സിലാണ് കാനത്തിന്റെ അവസാന യാത്ര. തിരുവനന്തപുരത്ത് പട്ടത്തെ പാര്‍ട്ടി ഓഫീസിൽ പൊതുദര്‍ശനത്തിന് വച്ച ശേഷം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടുകൂടിയാണ് കാനത്തിന് തലസ്ഥാനം യാത്രാമൊഴി നല്‍കിയത്. ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി പാർട്ടി ഓഫീസിൽ എത്തിച്ചേർന്നത്.

സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി രാജയടക്കം മന്ത്രിമാരും സംസ്ഥാന നേതാക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വൈകിട്ട് 6.45 ന് ചെങ്ങന്നൂരിലും 7.15 ന് തിരുവല്ലയിലും എട്ട് മണിക്ക് ചങ്ങനാശേരിയിലും പ്രിയ നേതാവിനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ജനങ്ങൾക്ക് അവസരമുണ്ടാകും. കോട്ടയം വാഴൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.