ന്യൂ ഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 11ന് സുപ്രീം കോടതി നിര്‍ണ്ണായക വിധി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളിലാണ് വിധി. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആരംഭിച്ച 16 ദിവസം നീണ്ട വാദം കേള്‍ക്കലിനു ശേഷം സെപ്തംബര്‍ അഞ്ചിന് ബെഞ്ച് ഈ വിഷയത്തില്‍ ഉത്തരവ് മാറ്റി വെച്ചിരുന്നു.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എയുമായി സംയോജിപ്പിച്ച്, ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കി വരികയായിരുന്നു. മറ്റു സംസ്ഥാനങ്ങളുമായുള്ള നിയമപരമായ വ്യത്യാസങ്ങള്‍ക്കിടയില്‍ പ്രത്യേക ഭരണഘടനയും പ്രത്യേക ശിക്ഷാ നിയമവും ജമ്മു കാശ്മീരിന് അനുവദിക്കുകയും ചെയ്തിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുടെ നേതാക്കളും ഇതു സംബന്ധിച്ച് ഹര്‍ജി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അന്നത്തെ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി കൂടിയാലോചിച്ചില്ലെന്നും പിഡിപി കോടതിയോട് വ്യക്തമാക്കി. എന്നാല്‍, ഈ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്നാണ് ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ജമ്മു കശ്മീർ ഭരണഘടന ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലാണെന്നും യഥാർത്ഥത്തിൽ ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലി നിയമനിർമ്മാണ സഭയാണെന്നും കാണിക്കാൻ മതിയായ വസ്തുക്കളുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിക്കുമെന്നും എന്നാല്‍ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി തുടരുമെന്നുമാണ് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചത്.