വൻകിട വികസനം സാധ്യമല്ലെന്ന ധാരണ കേരളം തിരുത്തി, ഏഴ് കൊല്ലം കൊണ്ട് നാടിനുണ്ടായ മാറ്റം വിസ്മയാവഹം – മുഖ്യമന്ത്രി

വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ   15ആം സ്ഥാനത്ത് ഇക്കാലയളവിൽ നമ്മളെത്തി. 

0
171
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങില്‍ 15ആം സ്ഥാനത്ത് ഇക്കാലയളവില്‍ കേരളം എത്തി. മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി മാറാൻ കേരളത്തിന്‌ ഇക്കാലയളവിൽ കഴിഞ്ഞതായും മുഖ്യമന്ത്രി കലൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി നഗരത്തിൻ്റെയും കേരളത്തിന്റെയാകെയും  അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്.  എസ് എൻ ജംഗ്ഷനിൽ നിന്നും അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേയ്ക്ക് മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തി. സ്റ്റേഷൻ്റേയും വയഡക്റ്റിൻ്റേയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റണ്ണും അധികം വൈകാതെ പൂർത്തിയാക്കും.
ആലുവ മുതൽ  തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിനുള്ളത്.
നവകേരള സദസ്സിന്റെ ഭാഗമായി ഈ വാർത്താസമ്മേളനത്തിനു ശേഷം ഞങ്ങളാകെ  കേരളത്തിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ സന്ദർശിക്കുകയാണ്. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തിൽ അധികം ആളുകളാണ്. അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടർ മെട്രോ സർവീസ്  വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്.  1136.83 കോടി രൂപ  ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനുള്ള പരിഹാരമാകുന്നതിനൊപ്പം  വലിയ തോതിൽ ടൂറിസം സാധ്യതകളെ വളർത്തുകയും ചെയ്യുന്നു.
കൊച്ചി നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ നടത്തുന്ന നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പദ്ധതികളുടെ വിജയം. ഈ മാറ്റം സംസ്ഥാനത്താകെ ദൃശ്യമാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഐബിഎം സോഫ്റ്റ്‌വെയറിൻ്റെ സീനിയർ വൈസ് പ്രസിഡന്റ് (പ്രോഡക്ട്സ് ) ദിനേശ് നിർമ്മൽ പറഞ്ഞത് കേരളത്തിലേയ്ക്ക് ഒരു റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നു എന്നാണ്. അതായത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തും ഉള്ള ഐബിഎം ലെ ജീവനക്കാർ കേരളത്തിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു.
ഇതാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ടു നാടിനുണ്ടായ മാറ്റം. വൻകിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങിൽ  15ആം സ്ഥാനത്ത് ഇക്കാലയളവിൽ നമ്മളെത്തി.
കൊച്ചി ഇൻഫോപാർക്കിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്ത  ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം ഒരു  വർഷം കൊണ്ട് 1000 ഓളം ആളുകൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയുമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ധാരണാപത്രം ഒപ്പിട്ടു. 8 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി ബിൽഡിംഗ് കൈമാറി. ഇവിടെ ഇപ്പോൾ ഏകദേശം 3500  എഞ്ചിനീയർമാർ  ജോലി ചെയ്യുന്നു. വിപുലീകരണത്തിൻ്റെ ഭാഗമായി അവർ കിൻഫ്രയിൽ തന്നെ പുതുതായി 2 ലക്ഷം ചതുരശ്ര അടി ആവശ്യപ്പെട്ടിട്ടുണ്ട്.
ടിസിഎസിനു കാക്കനാട് കിൻഫ്രയുടെ 36 ഏക്കർ കൈമാറി. ഇവിടെ അവരുടെ ഇന്നോവേഷൻ ക്യാമ്പസിന്റെ ആദ്യഘട്ടം പൂർത്തിയയാവുമ്പോൾ 5000 എഞ്ചിനീയർമാർക്കും രണ്ടാം ഘട്ടം പൂർത്തിയാവുമ്പോൾ 10000 പേർക്കും തൊഴിൽ ലഭിക്കും.
സിമുലേഷൻ ആൻ്റ് വാലിഡേഷൻ മേഖലയിൽ ലോകത്തെ തന്നെ പ്രമുഖ കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് കേരളത്തിൽ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. എയ്റോസ്പേസ്/ഡിഫൻസ് മേഖലകളിൽ ആഗോള പ്രശസ്തരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.
കളമശ്ശേരിയിൽ കിൻഫ്രയുടെ 30 ഏക്കറിൽ ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ അടങ്ങുന്ന നെക്സ്റ്റ് ഹൈടെക്ക് പാർക്ക് പ്രവർത്തനമാരംഭിച്ചു. പദ്ധതി പൂർണമാകുന്നതോടെ 4000 പേർക്ക് ജോലി ലഭിക്കും. ലുലു ഫുഡ് പ്രോസസ്സിംഗ് ആലപ്പുഴയിൽ അരൂരിൽ  150 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.  കളമശ്ശേരിയിൽ കിൻഫ്രയുടെ 10 ഏക്കറിൽ പൂർത്തിയാവുന്ന ഫുഡ് പ്രോസസിംഗ് യൂണിറ്റ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.
ഭക്ഷ്യസംസ്കരണ മേഖലയിൽ അത്യാധുനിക മെഷിനറികളുമായി യൂറോപ്പ്, അമേരിക്കൻ മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചോയ്സ് ഗ്രൂപ്പ് കൊച്ചിയിൽ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ്  ആരംഭിച്ചു. 500 കോടി രൂപയുടെ വിറ്റുവരവാണ്‌ പ്രതീക്ഷിക്കുന്നത്.
2021 ഒക്ടോബറിൽ ആരംഭിച്ച് ഒന്നരവർഷക്കാലം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത  ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് മീറ്റ് ദി ഇൻവെസ്റ്റർ. ഇതിലൂടെ  ബിൽടെക്, ആസ്കോ ഗ്ലോബൽ, അറ്റാച്ചി, ട്രൈസ്റ്റാർ, വെൻഷ്വർ, സിന്തൈറ്റ്, മുരുളിയ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ സംസ്ഥാനത്ത്  നിക്ഷേപത്തിന് തയ്യാറായി.
ഇത്തരത്തിൽ അന്തർദ്ദേശീയ തലത്തിൽ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂർവ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു.
പൊതുമേഖല സ്ഥാപനങ്ങളെ ഇതോടൊപ്പം തന്നെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാവുകയാണ്. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റുതുലക്കുമ്പോൾ അവയെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുസമൂഹ നന്മയ്ക്കായി നിലനിർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
കേന്ദ്രസർക്കാരിൽ നിന്ന് ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്തതാണ് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ്.  ഇന്ന് ഇന്ത്യയിൽ തന്നെ പ്രധാനപ്പെട്ട 25-ൽ അധികം പത്രമാധ്യമങ്ങൾക്ക് കെപിപിഎൽ ഇപ്പോൾ കടലാസ് വിതരണം ചെയ്യുന്നു. ചന്ദ്രയാൻ-3 ൽ കേരളത്തിൽ നിന്നുള്ള 6 (കെൽട്രോൺ,കെഎംഎംൽ,സ്റ്റീൽ ആൻ്റ് ഫോർജിങ്ങ്സ് ലിമിറ്റഡ്,ടി.സി.സി, കെഎഎൽ.  സിഡ്കോ)  പൊതുമേഖലാ സ്ഥാപനങ്ങളും 20 ഓളം എം.എസ്.എം.ഇ സ്ഥാപനങ്ങളും  പങ്കാളികളായി എന്നത് ഈ മേഖലയിൽ നമ്മൾ കൈവരിച്ച പുരോഗതിയുടെ തെളിവാണ്.
സംരഭകത്വത്തിനു രാജ്യത്തിനാകെ കേരളം മാതൃകയാവുന്ന ഘട്ടമാണിത്. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭക വർഷം എം എസ് എം ഇ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുക്കുക്കപ്പെട്ടു. വ്യവസായ വികസനത്തിന്‌ കുതിപ്പ്‌ നൽകാൻ  16 വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകി.
കൊച്ചി – ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി പാലക്കാട് ജില്ലയിൽ ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റർ ന്റെ ഭാഗമായി 1710  ഏക്കർ ഭൂമിയിൽ
85 %  ഏറ്റെടുത്തുകഴിഞ്ഞു.    ദക്ഷിണേന്ത്യയിലെ ആദ്യത്തെ  ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നു. ഇൻഫോ പാർക്കിന് സമീപം അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്ററിൻ്റെ നിർമ്മാണമാരംഭിച്ചു. ആലപ്പുഴ മെഗാ ഫുഡ് പാർക്ക്,  ഇടുക്കി  തൊടുപുഴ സ്പൈസെസ് പാർക്ക്,  ചേർത്തലയിൽ തുടങ്ങുന്ന മാരിടൈം ക്ലസ്റ്റർ എന്നിവയും എടുത്തു പറയേണ്ടതാണ്.
 ‘നാളെയുടെ പദാർത്ഥം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപാദനത്തിന് തുടക്കം കുറിച്ചു. കൊച്ചിയിലെ കാർബൊറാണ്ടം യൂണിവേഴ്സൽ ആണ് ഗ്രഫീൻ ഉൽപാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.  ലോകത്താദ്യമായി ഗ്രാഫീൻ പോളിസി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കേരളം. ഇലക്ട്രിക് വാഹന  മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് കെ- ഡിസ്ക് മുൻകയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു.
വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുമ്പോൾ കയറ്റുമതി വികസനം  പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻവെസ്റ്റ്മെന്റ് സോൺ രൂപീകരിക്കും.  ഇതിനാവശ്യമായ ഭൂമി തിരുവനന്തപുരം ജില്ലയിൽ ലാൻഡ് പൂൾ രീതിയിൽ കണ്ടെത്തും.  ഇത്തരം ഇടപെടലുകളാണ്  നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നടത്തുന്നത്. അത് ജനങ്ങളുടെ മനസ്സിൽ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയം.
നവകേരള സദസ്സ് ആരംഭിച്ച്  20 ദിവസം പൂർത്തിയാകുമ്പോൾ 76 നിയമസഭാ മണ്ഡലങ്ങൾ പിന്നിടുകയാണ്. തൃശ്ശൂർ ജില്ലയിൽ ആകെ 54,260 നിവേദനങ്ങൾ ആണ് ലഭിച്ചത്. എറണാകുളം ജില്ലയിൽ അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം.
അങ്കമാലി – 3123
ആലുവ – 4249
പറവൂർ – 5459
എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്.