തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിന് പൊതുജനങ്ങൾക്ക് നാളെ കൂടി (ഡിസംബർ 9) അവസരം. വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും ഇന്നുകൂടി അവസരമുണ്ടായിരിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ voters.eci.gov.in എന്ന വെബ് സൈറ്റിലൂടെയും Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരവും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. അതത് ബൂത്തിലെ ബി.എൽ.ഒ.മാർ മുഖേനയും അപേക്ഷകൾ നൽകാവുന്നതാണ്.
വോട്ടർമാർക്ക് കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനും വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും (ഡിസംബർ 9) ശനിയാഴ്ച എല്ലാ പോളിംഗ് സ്റ്റേഷനുകളിലും, താലൂക്ക്, വില്ലേജ് ഓഫീസുകളിലും സ്‌പെഷ്യൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
പാർലമെന്റ്/നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും രണ്ട് വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനാൽ രണ്ട് പട്ടികയിലും പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് വോട്ടർമാർ ഉറപ്പാക്കേണ്ടതാണ്. പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഈ അവസരം പരമാവധി വിനിയോഗിച്ച് കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രക്രിയയിൽ പങ്കാളിയാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അഭ്യർഥിച്ചു.