സവാള കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

വരും ദിവസങ്ങളില്‍ സവാളയുടെ ആവശ്യകത ഉയരുമെന്ന ആശങ്കയാണ് താത്കാലികമായി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

0
201

ദില്ലി: ഇന്ത്യയിൽ നിന്നുള്ള സവാള കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച്‌ 31 വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് നിരോധിച്ചത്. നിലവില്‍ ആഭ്യന്തരവിപണിയില്‍ സവാള വില വര്‍ധിച്ചിട്ടുണ്ട്. ഉല്‍പ്പാദനം കുറഞ്ഞത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് വില ഉയരാന്‍ കാരണം.

സവാള നേരത്തെ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉള്ളിവില നിയന്ത്രിക്കാൻ സർക്കാർ മുൻകൈ എടുത്തിരുന്നു. വരും ദിവസങ്ങളില്‍ സവാളയുടെ ആവശ്യകത ഉയരുമെന്ന ആശങ്കയാണ് താത്കാലികമായി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കേരളത്തില്‍ സവാള വില കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണ്.