വനിത ഡോക്ടറുടെ ആത്മഹത്യ, ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ സസ്പെൻ്റ് ചെയ്തു

സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തത്. 

0
119

സ്ത്രീധന പീഢനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി ജി ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണിതെന്നും ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഷഹന സുഹൃത്തായ ഡോ. ഇ എ റുവൈസുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. 150 പവനും 15 ഏക്കര്‍ ഭൂമിയും ബി എം ഡ ബ്ല്യൂ കാറുമായിരുന്നു ആവശ്യം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു.

റുവൈസിനെ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് നീക്കിയതായി ഇന്നലെ പി ജി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കെ എം പി ജി എ അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നല്‍കുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മുന്‍വിധികള്‍ ഒഴിവാക്കണം എന്നും കെ എം പി ജി എ പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ ഷഹനയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)