കൊച്ചി: ബഫർ സോണുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾ അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ജനങ്ങളെ കുറേ കാലമായി അലട്ടുന്ന ഒരു പ്രശ്‌ത്തിനുള്ള പരിഹാരമായിരിക്കുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിക്കാൻ കഴിഞ്ഞെന്ന് സർക്കാരിന് അഭിമാനത്തോടെ പറയാമെന്നും മുഖ്യമന്ത്രി അങ്കമാലിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022 ജൂൺ മൂന്നിന്റെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജിയും കേന്ദ്രസർക്കാർ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്‌തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ എടുത്ത് പറഞ്ഞുകൊണ്ട് ജനവാസമേഖലകൾ ബഫർസോൺ പരിധിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഉന്നയിച്ച ആവശ്യം.
ബഫർസോൺ പ്രദേശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാനങ്ങൾ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമർപ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങൾക്കും അന്തിമവിജ്ഞാപനങ്ങൾക്കും ഒരു കി.മീ പരിധി വേണമെന്ന വിധി ബാധകമല്ല എന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിരുന്നു.
പുനഃപരിശോധനാ ഹർജി അനുവദിച്ചതിനാൽ കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങൾ സമർപ്പിക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയ്യാറാക്കാവുന്നതാണ്. അങ്ങനെ തയ്യാറാക്കുമ്പോൾ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകൾ നേരത്തെ നൽകിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതിനും സാഹചര്യമുണ്ടായിരിക്കുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.