നടിയെ ആക്രമിച്ച കേസ്: ദിലീപ് കുരുക്കിലേക്ക്, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

0
138

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

2018 ജനുവരി 9 നും ഡിസംബർ 13 നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധന ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതേസമയം, വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.