ദുരിതമായിത്തീരുന്ന തീവണ്ടി യാത്രകള്‍; പരശുറാം എക്‌സ്പ്രസില്‍ പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണു

0
198

കോഴിക്കോട്: ട്രെയിന്‍ യാത്രകള്‍ ഇപ്പോള്‍ ദുരിത യാത്രകള്‍ മാത്രമാണ്. തിക്കിലും തിരക്കിലും പെട്ട് പ്രാണവായുവിനായി മല്ലിടുകയാണ് യാത്രക്കാര്‍. ഇതിപ്പോള്‍ മലബാര്‍ ട്രെയിനുകളിലെ സ്ഥിരം കാഴ്ചയാണ്. തിങ്കളാവ്ച രാവിലെ മംഗളൂരുവില്‍ നിന്ന് നാഗര്‍കോയിലേയ്ക്ക് പുറപ്പെട്ട പരശുറാം എക്‌സപ്രസില്‍ വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും കൊഴിക്കോട്ടേയ്ക്ക് പോകാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികളാണ് കുഴഞ്ഞ് വീണത്.

വന്ദേഭാരത് ട്രെയിന്‍ കടന്നുപോകാന്‍ പരശുറാം എക്‌സ്പ്രസ് അര മണിക്കൂറോളം തിക്കോടിയില്‍ നിര്‍ത്തിയിട്ട സമയത്താണ് ഒരാള്‍ കുഴഞ്ഞുവീണത്. മറ്റൊരാള്‍ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലും. ഇരുവരെയും സഹയാത്രക്കാരാണ് സുരക്ഷിതമായി കോഴിക്കോടെത്തിച്ചത്. അരമണിക്കൂര്‍ വൈകിയ പരശുറാം എക്‌സ്പ്രസ് പിന്നീട് കോഴിക്കോടെത്താന്‍ ഒരുമണിക്കൂര്‍ വൈകി.

ട്രെയിനുകളിലെ തിക്കും തിരക്കും പിടിച്ചിടലുമെല്ലാം യാത്രക്കാരെ ബുദ്ധിമുട്ടിയ്ക്കുമ്പോഴും ഇതിന് പരിഹാരമില്ലാതെ തുടരുകയാണ്. പല ട്രെയിനുകളിലും അണ്‍ റിസേര്‍വ്ഡ് ബോഗികളുടെ എണ്ണം വളരെ കുറവായിരിക്കും. സാധാരണക്കാരായ സ്ഥിരം യാത്രക്കാര്‍ കയറുന്നതും ഇത്തരം അണ്‍റിസേര്‍വ്ഡ് കംപാര്‍ട്ടുമെന്റുകളിലാണ്.

വന്ദേഭാരത് ട്രെയിനുകള്‍ക്ക് സമയക്രമം പാലിക്കുന്നതിനായി മറ്റ് ട്രെയിനുകള്‍ മണിക്കൂറുകളോളമാണ് പിടിച്ചിടുന്നത്. പലപ്പോഴും മെയിന്‍ സ്‌റ്റേഷനുകളെത്താന്‍ ഒന്നോ രണ്ടോ കിലോ മീറ്ററുകള്‍ മാത്രം ദൂരം അവശേഷിക്കുന്ന സ്ഥലത്തെത്തിയാണ് ട്രെയിനുകള്‍ പിടിച്ചിടുന്നത്. വേണാടിലും പരശുറാമിലും യാത്ര ചെയ്യുന്നവര്‍ ഇതിപ്പോള്‍ നിരന്തരം അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്.