നിലമ്പൂർ ആയിഷ നേരിട്ടു കണ്ടു, തന്റെ നാടക ജീവിതവും പോരാട്ടവും

ആറര പതിറ്റാണ്ടിലേറെ കേരളത്തിന്റെ നാടകവേദിയിൽ നിറഞ്ഞുനിന്ന നിലമ്പൂർ ആയിഷ തന്റെ നാടക ജീവിതം നേരിട്ട് കണ്ടു.

0
131

നിലമ്പൂർ: പ്രശസ്ത കലാകാരി നിലമ്പൂർ ആയിഷയുടെ കനൽ ജീവിതവും നാടകാനുഭവങ്ങളും പോരാട്ടവും വരച്ചുകാട്ടി കേരള നൂർജഹാൻ എന്ന നാടകം. ആറര പതിറ്റാണ്ടിലേറെ കേരളത്തിന്റെ നാടകവേദിയിൽ നിറഞ്ഞുനിന്ന നിലമ്പൂർ ആയിഷ തന്റെ നാടക ജീവിതം നേരിട്ട് കണ്ടു. പുതുതലമുറക്ക് അവിശ്വസനീയമായ അനുഭവങ്ങൾ അതിന്റെ തീക്ഷണത ഒട്ടും ചോരാതെ അരങ്ങിലെത്തിക്കാൻ നാടക പ്രവർത്തകർക്ക് കഴിഞ്ഞു. നിറഞ്ഞ കയ്യടികളോടെയും ഹർഷാരവത്തോടെയുമായിരുന്നു നാടകപ്രേമികൾ കേരള നൂർജഹാനെ സ്വീകരിച്ചത്. കരുളായി ചിലങ്ക നാടകവേദിയാണ് കേരള നൂർജഹാനെ അരങ്ങിലെത്തിച്ചത്.

സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും കൂലിപണിക്കാരുമടക്കം 16 പേരാണ് നാടകത്തിൽ അഭിനയിച്ചത്. അഞ്ച് പിന്നണി പ്രവർത്തകരും നാടകത്തിൽ പ്രവർത്തിച്ചു. വി യു നന്ദ ഉണ്ണിയാണ് നിലമ്പൂർ ആയിഷയായി വേഷമിട്ടത്. കെ ദിലീപ് ആയിഷയുടെ സഹോദരൻ മാനു മുഹമ്മദായും വേഷമിട്ടു. സിർദാര എം വണ്ടൂർ, പി സജിൻ നിലമ്പൂർ ഐ കെ അയമുവായും വി കെ രത്ന ഗോപി ആയിഷയുടെ ഉമ്മയായും വേഷമിട്ടു.
മുരളീധരൻ കളരിക്കൽ ഡോക്ടർ ഉസ്മാനായി വേഷമിട്ടു.

സുരേഷ് ബാബു വളവ്,   വി കെ രാംദാസ്, കെ പ്രകാശ് ഉണ്ണി, എ ശ്രീജേഷ്, സി ജിനേഷ് മാധവ്, യു വി നമിത, സി ജ്യോതിക ജിനേഷ് , എം ദുആ മുജീബ്, സി ദേവിക ജിനേഷ് , എൻ കുഞ്ഞി മുഹമ്മദ് അഞ്ചച്ചവിടി, ഗോപിനാഥ് തെറ്റത്ത്, കെ പ്രദീപ് കമ്മത്ത് എന്നിവരും അഭിനയിച്ചു. എ ഷെരീഫ് ,എസ് അയാൻ , ചന്ദ്രൻ ഈനാദി എന്നിവർ അണിയറയിലും പ്രവർത്തിച്ചു. നാടക  രചനയും സംവിധാനവും നിർവഹിച്ചത് എസ് മുഹാജിർ കരുളായിയാണ്. നൂറ് ജില്ലക്ക് പുറത്ത് നിന്നടക്കം നൂറ് കണക്കിന് ആളുകൾ നാടകം കാണാൻ എത്തി.

മതതീവ്രവാദികളുടെ എതിർപ്പുകളെ നേരിട്ടു കൊണ്ടുള്ള അവരുടെ ജീവിതത്തെയും കലാപ്രവർത്തനങ്ങളെയും സത്യസന്ധമായി ഈ നാടകം ആവിഷ്കരിക്കുന്നുണ്ട്. ഈ നാടകം ചരിത്രത്തിൽ അടയാളപ്പെടുക എതിർപ്പുകളുടെ രണഭൂമികൾ താണ്ടി ജീവിച്ച നിലമ്പൂർ ആയിഷക്കു മുൻപിൽ തന്നെ ആ ജീവിതം അനാവരണം ചെയ്ത നാടകം എന്ന നിലയിലായിരിക്കും.നാടകത്തിനു മുമ്പ് പുള്ളി ഗവർമെൻറ് യുപി സ്കൂളിൽ പുസ്തക പ്രകാശനവും ഉണ്ടായി. പ്രശസ്ത മജീഷ്യൻ ആർ കെ മലയത്ത് നിലമ്പൂർ ആയിഷക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

കരുളായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് നിലമ്പൂർ ആയിഷയെ ആദരിച്ചു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വടക്കൻ സിദ്ധിഖ് ആർ കെ മലയത്തിനേയും  ആദരിച്ചു. തുടർന്ന് വിവിധ വായനശാലകൾക്കുള്ള പുസ്തകങ്ങൾ കൈമാറി. പി കെ ശ്രീകുമാർ, സി ഐ സുനിൽ പുളിക്കൽ, റഫീഖ് പെരുമുക്ക്, ജിനേഷ് മാധവ് , പി മുജീബ് റഹ്മാൻ , മുഹാജിർ കരുളായി എന്നിവർ സംസാരിച്ചു.