കുവൈറ്റിലേയ്ക്ക് വരുംമുന്‍പ് അറിഞ്ഞിരിക്കണം ഈ തട്ടിപ്പുകള്‍; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എംബസി

ജോലി സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ തൊഴില്‍ കരാര്‍ പരിശോധിക്കണം. മിനിമം ജോലി സമയം, ഓവര്‍ടൈം വേതനം, അവധിക്കാല അവകാശങ്ങള്‍, ആരോഗ്യ സുരക്ഷ, അപകട നഷ്ടപരിഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ തൊഴിലുടമകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക.

0
187

കുവൈറ്റ് സിറ്റി: തൊഴില്‍ തേടി കുവൈറ്റിലേയ്‌ക്കെത്തുന്ന ഇന്ത്യന്‍ ഡ്രൈവര്‍മാരോട് ഇതിലെ ചതിക്കുഴിള്‍ അറിഞ്ഞിരിക്കണമെന്ന് എംബസി. ‘റെസ്റ്റോറന്റ് ഡ്രൈവര്‍മാരായി’ റിക്രൂട്ട് ചെയ്യപ്പെട്ട് ഇവിടെയത്തിയ ഇന്ത്യന്‍ പൗരന്മാര്‍ തസ്തികയുടെ പേരില്‍ കബളിപ്പിക്കപ്പെടുന്നത് വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍.

ഡ്രൈവര്‍ വിസയിലെത്തി പലര്‍ക്കും ഡെലിവറി ബോയിയായി ഇരുചക്ര വാഹനങ്ങളില്‍ വരെ പോകേണ്ട അവസ്ഥ നിലവിലുഅണ്ട്. ‘റെസ്റ്റോറന്റ് ഡ്രൈവര്‍’ എന്ന പേരില്‍ എംപ്ലോയ്മെന്റ് വിസയിലും വര്‍ക്ക് വിസയിലും റിക്രൂട്ട് ചെയ്തവര്‍ക്ക് ‘ഡെലിവറി ഡ്രൈവര്‍’ അല്ലെങ്കില്‍ ‘ഫുഡ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള റൈഡര്‍’ ജോലിയാണ് ലഭിക്കുന്നത്.

‘ഉപഭോക്തൃ ഓര്‍ഡറുകള്‍,’ ‘ഉപഭോക്തൃ സാധനങ്ങള്‍,’ അല്ലെങ്കില്‍ ‘ഓര്‍ഡര്‍ ഡെലിവറി’ തുടങ്ങിയ പേരുകളുള്ള തൊഴിലുകളില്‍ വരുന്നവര്‍ക്ക് സാധാരണയായി ഭക്ഷണസാധനങ്ങള്‍ ഹോം ഡെലിവെറി ചെയ്യുന്ന ജോലിയാണ് ലഭിക്കുന്നതെന്ന കാര്യം കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് എംബസി അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഡെലിവറി ഡ്രൈവറായി എത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് വ്യവസ്ഥകളൊന്നും ബാധകമല്ലാതെ ജോലി ചെയ്യേണ്ടിവരും. ഈ കാലയളവിനുള്ളില്‍ ജോലി മാറാനോ വിസ റദ്ദാക്കാനോ അനുവാദമില്ല. കൃത്യമായ മാസ ശമ്പളമില്ലാതെയാണ് നിയമിക്കപ്പെടുന്നത്. കമ്പനികള്‍ ഡെലിവറി ടാര്‍ഗെറ്റുകളും ദൂരവും അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നു. ശമ്പളം സംബന്ധിച്ച് തെറ്റായ വാഗ്ദാനങ്ങളും ചില ഏജന്റുമാര്‍ നല്‍കിയേക്കാം.

ജോലി സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ തൊഴില്‍ കരാര്‍ പരിശോധിക്കണം. മിനിമം ജോലി സമയം, ഓവര്‍ടൈം വേതനം, അവധിക്കാല അവകാശങ്ങള്‍, ആരോഗ്യ സുരക്ഷ, അപകട നഷ്ടപരിഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ തൊഴിലുടമകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക. എംബസി മുഖേനയുള്ള തൊഴില്‍ കരാറിന്റെ സാക്ഷ്യപ്പെടുത്തലില്‍, കുവൈറ്റ് തൊഴിലുടമ നല്‍കുന്ന വൈകല്യം, അപകടം അല്ലെങ്കില്‍ മരണ നഷ്ടപരിഹാരം എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുന്നു.

തൊഴില്‍ പരാതികള്‍ അല്ലെങ്കില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ (PAM) ആദ്യം പരാതി രജിസ്റ്റര്‍ ചെയ്യണം. പരാതികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ ലേബര്‍ ഹെല്‍പ്‌ഡെസ്‌കിനെ നേരിട്ടോ വാട്ട്‌സ്ആപ്പ് ഹെല്‍പ്ലൈന്‍ നമ്പര്‍ 6550 1769 വഴിയോ ബന്ധപ്പെടാവുന്നതാണ്. PAM ഓഫീസും ലേബര്‍ കോടതികളും എല്ലാ തൊഴില്‍ പരാതികളും സിവില്‍ തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗങ്ങളാണ്. തൊഴിലുടമകള്‍ തൊഴിലാളിക്കെതിരെ കുവൈറ്റ് പോലീസില്‍ മോഷണമോ വിശ്വാസലംഘനമോ റിപ്പോര്‍ട്ട് ചെയ്താല്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുകയും ലേബര്‍ കോടതി പരിഹരിക്കുന്നത് വരെ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യും.അതിനാല്‍ വിസ കൃത്യമായി പരിശോധിക്കണമെന്നും തൊഴിലിടത്തെക്കുറിച്ച് ധാരണയും ഉണ്ടാക്കിയ ശേഷം മാത്രമേ യാത്ര തിരിക്കാവും എന്നാണ് എംബസി നല്‍കുന്ന മുന്നറിയിപ്പ്.