ബലാത്സംഗത്തിനിരയായ പതിനാലുകാരിയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് ഹൈക്കോടതി

0
158

കൊച്ചി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷ തള്ളി കേരള ഹൈക്കോടതി. 30 ആഴ്ചയിലധികം വളര്‍ച്ചയുള്ളതിനാല്‍ ഗര്‍ഭഛിദ്രത്തിന് നിയമപരമായി അനുമതി നല്‍കാനാവില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. 30 ആഴ്ചയിലധികം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ ആരോഗ്യമുണ്ടെന്നും സിസേറിയനിലൂടെ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാനാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജി തീര്‍പ്പാക്കിയത്.

ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ അമ്മയുടെ അടുത്തേക്ക് എത്തിക്കാനും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ജനിക്കുന്ന കുട്ടിയുടെ സംരക്ഷണകാര്യങ്ങളില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും ബാലനീതി നിയമപ്രകാരം ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കൃത്യമായ ഇടവേളയില്‍ ഇരയുടെ വീട് സന്ദര്‍ശിച്ച് സഹായവും പിന്തുണയും നല്‍കണം. ഗര്‍ഭാവസ്ഥ പൂര്‍ത്തിയാക്കാന്‍ അനുകൂല സാഹചര്യമൊരുക്കണം. ഇരയ്ക്ക് വൈദ്യസഹായവും കൗണ്‍സലിങ്ങും നല്‍കണം. നിയമപരിരക്ഷയും സംരക്ഷണവും പെണ്‍കുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിതേടി അമ്മ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. ആദിവാസി സെറ്റില്‍മെന്റിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് അച്ഛന്റെ പരിചയക്കാരനാണ് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.