പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വി ശിവൻകുട്ടി; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയില്‍ മന്ത്രി റിപ്പോർട്ട് തേടി

യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതും കുട്ടികളെ പരാജയപ്പെടുത്തി വിജയസാധ്യത കൂട്ടുന്നതും സർക്കാർ നയമല്ല എന്നും മന്ത്രി പറഞ്ഞു.

0
139

The policy of the government is to protect the public education sector, the minister said.പൊതുവിദ്യാഭ്യാസ രംഗത്തെ വിമർശിച്ച് കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി . സർക്കാരിന്റെ നയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്നും മന്ത്രി പറ‍ഞ്ഞു. വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല എന്നാണ് അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ശബ്ദരേഖയോട് മന്ത്രി പ്രതികരിച്ചത്.

ഏറെ കീർത്തിക്കപ്പെട്ടതാണ് കേരള വിദ്യാഭ്യാസ മാതൃക എന്നും മന്ത്രി പറഞ്ഞു. കേരളം ദേശീയ ഗുണനിലവാര സൂചികകളിലും മുൻപന്തിയിലാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും അഭിനന്ദിച്ചതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതും കുട്ടികളെ പരാജയപ്പെടുത്തി വിജയസാധ്യത കൂട്ടുന്നതും സർക്കാർ നയമല്ല എന്നും മന്ത്രി പറഞ്ഞു. എപ്പോഴും സർക്കാർ നയം എല്ലാ കുട്ടികളേയും ഉൾച്ചേർത്തും ഉൾക്കൊണ്ടുകൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ്. ഈ വിഷയത്തിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.