‘ മരിച്ചപ്പോൾ അലറിക്കരഞ്ഞില്ല ‘, സുബ്ബലക്ഷ്മിയുടെ വിയോ​ഗത്തിന് പിന്നാലെ വന്ന വിമർശകരുടെ വായടപ്പിച്ച് സിന്ധു കൃഷ്ണ

പ്രായമായ അമ്മ നല്ല പോലെ ജീവിച്ച് മരിച്ചു, അവിടെ ഒരാൾ പ്രസന്റബിളായി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് അറിയില്ല എന്നും സിന്ധു പറഞ്ഞു.

0
312

മലയാള സിനിമയുടെ മുത്തശ്ശി എന്നു വിശേഷിപ്പിക്കുന്ന നടി സുബ്ബലക്ഷ്മി വിടപറഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 87ാം വയസിലാണ് സുബ്ബലക്ഷ്മി വിടവാങ്ങിയത്. കല്യാണ രാമനടക്കമുള്ള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് സുബ്ബലക്ഷ്മി. കൊച്ചുമകൾ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച കുറിപ്പിലൂടെയാണ് സുബ്ബലക്ഷ്മിയുടെ മരണ വാർത്ത ലോകം അറിഞ്ഞത്. പ്രമുഖരടക്കം നിരവധി പേരാണ് ആദരാജ്ഞലികൾ നേർന്ന് എത്തിയിരുന്നത്.

ഇപ്പോഴിതാ മരണം നൽകിയ വേദന വിട്ടുമാറുന്നതിനു മുൻപേ ഇവർക്കെതിരെയുള്ള മറ്റൊരു വിവാദമാണ് വരുന്നത്. സുബ്ബലക്ഷ്മിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ എല്ലാവരോടും സന്തോഷത്തോ‌ടെയാണ് താര സംസാരിക്കുന്നതെന്നും അമ്മ മരിച്ചതിന്റെ ദുഖമില്ലെന്നുമായിരുന്നു ചിലരുടെ കുറ്റപ്പെടുത്തൽ.സോഷ്യൽ മീഡിയയിൽ അമ്മയെക്കുറിച്ച് പോസ്റ്റുകൾ പങ്കുവെച്ചതും വിമർശനത്തിന് കാരണമായി. എന്നാൽ ഈ വിവാദം കത്തി നിൽക്കുമ്പോഴാണ് താര കല്യാണിനെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് സിന്ധു കൃഷ്ണ. താര ചെയ്തതിൽ തെറ്റില്ലെന്നും ആളുകൾ അനാവശ്യമായി കുറ്റപ്പെ‌ടുത്തുകയാണെന്നുമാണ് സിന്ധു കൃഷ്ണ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം ഞാനവിടെ പോയപ്പോൾ സോഷ്യൽ മീഡിയയുടെ ആളുകൾ മൊബൈലുമായി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നടന്ന് പോകുന്നതും താരയുടെ അടുത്ത് നിൽക്കുന്നതുമായ ഒരു വീഡിയോ ആരോ ഇട്ടിട്ടുണ്ടായിരുന്നു . അതിന്റെ താഴെ ആവശ്യമില്ലാത്ത കമന്റുകൾ വന്നു. ഒരാൾ മരിച്ചാൽ അവരുടെ ജീവിതം സെലിബ്രേറ്റ് ചെയ്യണമെന്നും സിന്ധു കൃഷ്ണ ചൂണ്ടിക്കാട്ടി. അവർ നല്ലപോലെ ജീവിച്ചു. മക്കളെയും കൊച്ചുമകളെയും അവരുടെ മകളെയുമെല്ലാം കാണാൻ സാധിച്ചു. അവരുടെ ജീവിതത്തെ ആഘോഷിക്കുകയാണ് വേണ്ടത്. അവിടെ നെഞ്ചിലിടിച്ച് കരഞ്ഞ് ബഹളം വെക്കുന്നതാണ് ആൾക്കാർ‌ക്ക് കാണാൻ കൂടുതൽ താൽപര്യമെന്നും സിന്ധു പറഞ്ഞു.

ആന്റിയെക്കുറിച്ചുള്ള കാര്യങ്ങളാണ് ഞാനും താരയും സംസാരിച്ചത്. ആന്റിയത് കേട്ടിരുന്നെങ്കിൽ സന്തോഷിച്ചേനെ. ഇവരെന്താണ് കരയാത്തത്, എന്തുകൊണ്ട് ചിരിച്ച് കൊണ്ട് നിൽക്കുന്നു എന്നൊക്കെയുള്ള കമന്റുകൾ വരുന്നത് കണ്ടു. അങ്ങനെയൊക്കെ ഇടുന്നവർ കുറച്ച് കൂടെ മനുഷ്യത്വപരമായി ചിന്തിക്കൂ. ഒരു വിഷമം തോന്നിയിട്ട് അലറി വിളിച്ച് ബഹളം വെച്ചിട്ട് കാര്യമില്ലെന്നും സിന്ധു പറഞ്ഞു . പ്രായമായ അമ്മ നല്ല പോലെ ജീവിച്ച് മരിച്ചു, അവിടെ ഒരാൾ പ്രസന്റബിളായി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് അറിയില്ല എന്നും സിന്ധു കൂട്ടിച്ചേർത്തു