പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; കുട്ടിയുടെ അമ്മയുടേയും പങ്കാളിയുടേയും അറസ്റ്റ് രേഖപ്പെടുത്തി

നടന്നത് നടുക്കുന്ന കൊലപാതകമാണെന്നും കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി

0
278

കൊച്ചി: കൊച്ചിയില്‍ ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നടന്നത് നടുക്കുന്ന കൊലപാതകമാണെന്നും കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ഡിസംബര്‍ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി അശ്വിനിയും ഷാനിഫും കറുകപ്പിള്ളിയിലെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെ അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി. കുഞ്ഞിനെ ഉടൻതന്നെ ന്യൂ ബോണ്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ കുഞ്ഞിന്റെ ദേഹത്തെ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡോക്ടർക്ക് സംശയം തോന്നി പോലീസില്‍ വിവരം അറിയിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്‍റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. ഇതേ തുടർന്ന് തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. നേരത്തെ മറ്റൊരാളുമായുള്ള അടുപ്പത്തില്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു അശ്വതി. പിന്നീടാണ് ഇന്‍സ്റ്റഗ്രാം വഴി ഷാനിഫിനെ പരിചയപ്പെടുന്നതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തതും. കുഞ്ഞ് ബാധ്യതയാകുമെന്ന് അന്ന് മുതല്‍ അശ്വതിയോട് പറഞ്ഞെന്ന് ഷാനിഫ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാൽ കൊലപാതക സമയം നല്ല ഉറക്കത്തിലായിരുന്നുവെന്നും ഒന്നും അറിഞ്ഞില്ല എന്നുമാണ് അശ്വതി ആദ്യം പറഞ്ഞത്. കുറ്റകൃത്യം അറിഞ്ഞിട്ടും എല്ലാ മറച്ചുവച്ച അശ്വതി സ്വാഭാവികമായും കേസില്‍ പ്രതിയാവുമെന്ന് പൊലീസ് വ്യക്തമാക്കി.