ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമെരുക്കാന്‍ ഹോമേജ് വിഭാഗത്തില്‍ 11 സിനിമകളുമായി ഐ എഫ് എഫ് കെ

ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച വിധേയന്‍, സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ്, 2023 ല്‍ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

0
249

തിരുവനന്തപുരം: മണ്‍മറഞ്ഞ അതുല്യ കലാകാരന്മാരെ ചലച്ചിത്ര മേളയുടെ ഭാഗമാക്കാനൊരുങ്ങി തലസ്ഥാന നഗരി. ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 12 പ്രതിഭകളുടെ ചിത്രങ്ങളാണ് 28-ാമത് ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കുക. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ ‘യവനിക’ എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.

ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ ‘കസിന്‍ ആഞ്ചെലിക്ക’, ഇബ്രാഹിം ഗോലെസ്റ്റാന്‍ സംവിധാനം ചെയ്ത ‘ബ്രിക്ക് ആന്‍ഡ് മിറര്‍’, ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജാക്ക് റോസിയറിന്റെ ‘അഡിയൂ ഫിലിപ്പീന്‍’, ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ ‘ദി ട്രീ ഗോഡസ്’, ടെറന്‍സ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റില്‍ ലൈവ്‌സ്, വില്യം ഫ്രീഡ്കിന്‍ ചിത്രം ദി എക്‌സോര്‍സിസ്റ്റ് എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച വിധേയന്‍, സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ്, 2023 ല്‍ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് ഐ എഫ് എഫ് കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 22 രാവിലെ പത്തുമണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 6000ത്തില്‍പ്പരം ആളുകളാണ് എത്തിയത്.