17 ദിവസം, 116 വ്യാജ വാർത്ത, നവ കേരള സദസ് പൊളിക്കാൻ “മുക്കിയധാര” മാധ്യമങ്ങളും

ഇത്തരം വ്യാജ വാർത്തകളൊന്നും ജനങ്ങളെ സ്വാധീനിക്കുന്നില്ല എന്നതിന്റെ തെളിവാണ് നവ കേരള സദസിലെ അഭൂതപൂർവമായ ജനപങ്കാളിത്തം. 

0
5813

മനോജ്‌ വാസുദേവ്

തൃശൂർ: മുരളി തുമ്മാരുകുടി പറഞ്ഞതുപോലെ ആന പിണ്ഡം മാത്രം നോക്കിയാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ നടപ്പ്. നാട്ടിൽ എന്ത് നല്ലത് നടന്നാലും അതൊന്നും പറയാതെ ജനങ്ങളെ പരമാവധി തെറ്റിദ്ധരിപ്പിക്കുകയാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ. പ്രതിപക്ഷം പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന “പിണ്ഡം നോക്കികൾ” നവ കേരള സദസ് തുടങ്ങിയതോടെ ആകെ അസ്വസ്ഥരാണ്. അതിന്റെ തെളിവാണ് ഓരോ ദിവസവും ഇക്കൂട്ടർ ഉൽപ്പാദിപ്പിക്കുന്ന വാർത്തകൾ.

കേരളത്തിലെ സ്ത്രീകൾ അടക്കമുള്ള ജനങ്ങളുടെ ആത്മാഭിമാനത്തെയും അന്തസിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അശ്ലീലമെന്ന് അടച്ചക്ഷേപിച്ചപ്പോൾ ചിരിയോടെ സ്വാഗതം ചെയ്യുകയായിരുന്നു മാധ്യമങ്ങൾ. സതീശന്റെ നാലാംകിട പ്രതികരണത്തെ വിമർശിക്കാൻ മാധ്യമങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. ഓരോ മനുഷ്യരുടെയും അന്തസിനെ ഇടിച്ചുതാഴ്ത്തി സ്വന്തം സംസ്കാരം തെളിയിച്ച സതീശന് ഓശാന പാടുകയായിരുന്നു “പിണ്ഡം നോക്കികൾ”.

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അസൂയയും കുശുമ്പും മൂത്ത വി ഡി സതീശന്റെ നിലവാരമില്ലായ്മ തുറന്നുകാണിക്കാനും മാധ്യമങ്ങൾ തയ്യാറാകുന്നില്ല. കോൺഗ്രസുകാർ നടത്തുന്ന പരിപാടികൾ അശ്ലീലമായി അവസാനിക്കുന്നതിന്റെ സ്വന്തം അനുഭവം സതീശൻ മറ്റുള്ളവരിൽ ചാർത്താൻ ശ്രമിക്കുകയാണ്. സമനില കെട്ട ഇത്തരം പരാമർശങ്ങൾ അവഗണിക്കുന്നതിനുപകരം വലിയ പ്രചാരം നൽകി വ്യാജ വാർത്തകൾ പടച്ചുവിടുകയാണ് മാധ്യമങ്ങളും ചെയ്യുന്നത്.

നവ കേരള സദസ് തുടങ്ങി 17 നാൾ പിന്നിട്ടപ്പോൾ ഇതുവരെ മുഖ്യധാര മാധ്യമങ്ങൾ നൽകിയത് 116 വ്യാജ വാർത്തകളാണ്. കള്ള വാർത്ത ഉൽപ്പാദകരായ ഏഷ്യാനെറ്റ്‌ തന്നെയാണ് ഇതിലും മുന്നിൽ. മനോരമയും റിപ്പോർട്ടറും വിട്ടുകൊടുത്തിട്ടില്ല. കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നുണ്ട് ഇക്കൂട്ടരും. ഇതിനെയൊക്കെ വെല്ലുന്ന തരത്തിലാണ് കുത്തിതിരിപ്പുകാരായ മാധ്യമത്തിന്റെ അധ്വാനവും. ഓരോ ദിവസവും ഓരോ കള്ള വാർത്ത എന്ന കണക്കിലാണ് ഇക്കൂട്ടർ ‘അന്വേഷിച്ച് കണ്ടെത്തുന്നത്’. വസ്തുതയോ രേഖകളുടെ ഒരു കണികയോ ഇല്ലാതെ വാർത്തകൾ തട്ടിവിടുകയാണ്. വായിൽ തോന്നുന്ന കാര്യം തങ്ങളുടെ മനോധർമത്തിന് അനുസരിച്ച് വാർത്ത എന്ന മട്ടിൽ അവതരിപ്പിക്കുന്നു. മണിക്കൂറുകളുടെ ആയുസ് ഇല്ലെങ്കിലും “അന്വേഷണാത്മക വാർത്തയുണ്ടാക്കൽ” പിണ്ഡം നോക്കികൾ അനസ്യൂതം തുടങ്ങുന്നുണ്ട്.

നവ കേരള സദസ് തുടങ്ങാൻ തീരുമാനിച്ച സമയത്ത് തന്നെ പിണ്ഡം നോക്കികൾ വലിയ തോതിൽ അസ്വസ്ഥരായിരുന്നു. സതീശന്റെ അസൂയ കൂടി ആയതോടെ അത് പാരമ്യത്തിലെത്തി. ആദ്യം ആഡംബര ബസ്, കറങ്ങുന്ന കസേര എന്നിവയായിരുന്നു വ്യാജ വാർത്തകൾ. ബസ് തകരാറിലായി എന്ന് ആവേശവും ആഹ്ലാദവും കൊണ്ട മാധ്യമ പ്രവർത്തകരും ഉണ്ട്. ഇതിനുശേഷം കള്ളവാർത്തകളുടെ പ്രവാഹമായിരുന്നു. മഴ പെയ്താൽ പോലും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന തരത്തിലേക്ക് “പി നോക്കികൾ” മാറി.

മാനന്തവാടിയിൽ രണ്ട് ദിവസം ഇതുവെച്ചായിരുന്നു അഭ്യാസം അത്രയും. സംഗതി മിനിറ്റുകൾക്കകം പൊളിഞ്ഞു വീണിട്ടും കള്ളവാർത്ത നിർത്തിയില്ല. സ്കൂൾ കെട്ടിടം പൊളിക്കൽ, മതിൽ തകർക്കൽ, മരം മുറിക്കൽ, ബോർഡ് മാറ്റൽ എന്നിങ്ങനെ പോകുന്നു വ്യാജ വാർത്തകൾ. ഇതിനു പിന്നാലെയാണ് ഗ്യാസ് അടുപ്പിൽ പാചകം പാടില്ലെന്ന് ഉത്തരവ് ഇറക്കിയതായി മാധ്യമ പ്രവർത്തകർ കണ്ടെത്തി. സർക്കാരുമായി ബന്ധപ്പെട്ട വകുപ്പുകളെ പറ്റിയും വ്യാജ വാർത്തകൾ വന്നുതുടങ്ങി. കലോത്സവത്തിന് പഞ്ചസാര കൊണ്ടുവരണമെന്ന് സർക്കാർ നിർദേശം എന്നൊരു കള്ള വാർത്തയും പുറത്തുവന്നു. സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് ഇറക്കിയ ഉത്തരവിനെ വളച്ചൊടിച്ച് സർക്കാരിനെതിരായ വാർത്തയാക്കി മാറ്റുകയായിരുന്നു മാധ്യമങ്ങൾ.

കഴിഞ്ഞ ദിവസം ചേലക്കരയിലെ അപകടവാർത്തയും വസ്തുത മറച്ചുവെച്ചായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി വാർത്തക്ക് വലിയ പ്രാധാന്യം നൽകുന്ന മാധ്യമ പ്രവർത്തകർ പക്ഷേ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തകർത്ത കോൺഗ്രസ് അക്രമ മറച്ചുവെച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് സമയത്ത് സതീശനും സുധാകരനും തമ്മിലടിച്ചത് മുക്കിയതുപോലെയാണ് കേരളത്തിലെ “മുക്കിയധാരാ മാധ്യമങ്ങൾ” യൂത്ത് കോൺഗ്രസിന്റെ ചാവേർ സമരത്തെ മറച്ചുവെക്കുന്നത്.

എന്നാൽ, ഇത്തരം വ്യാജ വാർത്തകളൊന്നും ജനങ്ങളെ സ്വാധീനിക്കുന്നില്ല എന്നതിന്റെ തെളിവാണ് നവ കേരള സദസിലെ അഭൂതപൂർവമായ ജനപങ്കാളിത്തം.  മാധ്യമങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും മാധ്യമ പ്രവർത്തകർ തങ്ങളുടെ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങൾ ഒറ്റക്കെട്ടായി പറയുന്നു. മഞ്ചേശ്വരം മുതൽ തൃശൂർ വരെയുള്ള എല്ലാ മണ്ഡലത്തിലും ഉയരുന്ന അഭിപ്രായം. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും കുത്തിത്തിരിപ്പ് തുടരുമ്പോഴും ഇതെല്ലാം തള്ളി വലിയ തോതിൽ മുന്നേറുകയാണ് നവ കേരള സദസ്.