തൃശൂര്‍: കൃഷിയെ കൈയ്യൊഴിയുകയും നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൈമാറുകയും ചെയ്തകാലം നമ്മുടെ നാട് കടന്നു പോന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭവത്തില്‍ നിന്ന് അത് മനസ്സിലാക്കിയാണ് കര്‍ഷകര്‍ ഈ സര്‍ക്കാരിന് അടിയുറച്ച പിന്തുണ നല്‍കുന്നത്. നവകേരള സദസ്സില്‍ കാര്‍ഷിക മേഖലകളില്‍ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുണയുടെ തെളിവാണ്. എന്നാല്‍ ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ നവകേരള സദസിനിടയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
‘1990കളില്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെയാണ് ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അതിന്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കാണ്. തൊണ്ണൂറുകള്‍ തൊട്ട് ഇതുവരെ രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിര രാജ്യമാകെ പ്രക്ഷോഭങ്ങളാണ് നടന്നുവന്നത്. എന്നാല്‍, ഒരു സംസ്ഥാനത്തിന്റെ പരിമിതികളെ അതിജീവിച്ച്, കര്‍ഷകര്‍ക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കര്‍ഷകക്ഷേമം ഉറപ്പു വരുത്താന്‍ നമുക്ക് സാധിക്കുന്നുണ്ട്.’
‘കാര്‍ഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. പതിനാറിനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയര്‍ന്ന സംഭരണ വില നല്‍കി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനായി. അങ്ങനെ കാര്‍ഷിക വിളകളുടെ ഉത്പാദനം, വിപണനം, കര്‍ഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്കു സാധിച്ചു.’
‘ഉല്‍പാദനം, വിപണനം, സംസ്‌കരണം, വായ്പാ പിന്തുണ, ഇന്‍ഷ്വറന്‍സ് തുടങ്ങി കൃഷിയുടെ എല്ലാ മേഖലകളിലും കര്‍ഷകര്‍ക്ക് സഹായം വേണ്ടതുണ്ട്.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനം ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി കൃഷിഭവനുകളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ ‘സ്മാര്‍ട്ട് കൃഷി ഭവനുകളായി’ പരിഷ്‌കരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍, നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു വിഷയം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ചിലര്‍.’
മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്‍പാദനോപാധികളുടെ ലഭ്യത വര്‍ധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷന്‍ മോഡിലുളള പദ്ധതിയാണ് ജൈവ കാര്‍ഷിക മിഷന്‍. ഈ പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഹെക്ടര്‍ സ്ഥലത്ത് നടപ്പിലാക്കും. 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയെ പുതിയ കാലത്തിനും സാധ്യതയ്ക്കും യോജിച്ച രീതിയില്‍ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
കേന്ദ്രത്തില്‍ നിന്നുള്ള തുകയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ കര്‍ഷകന്റെ അക്കൗണ്ടില്‍ മുഴുവന്‍ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകള്‍ വഴി പി ആര്‍ എസ്സിലൂടെ അഡ്വാന്‍സായി നല്‍കുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്.നെല്ല് സംഭരണത്തിന്റെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിനുപുറമെ നെല്ല് അരിയാക്കുന്നതിന് ചിലവാകുന്ന തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഇന്നലെ നവകേരള സദസ്സ് ചേര്‍ന്നത്. മണലൂര്‍, നാട്ടിക, ഒല്ലൂര്‍ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ഇന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും. ഇന്നലെ തൃശ്ശൂര്‍ ജില്ലയില്‍ ആകെ ലഭിച്ചത് 17323 നിവേദനങ്ങളാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി