2021-ല്‍ രാജിവെച്ചതല്ലേ, പിന്നെ വീണ്ടും എങ്ങനെ പുറത്താക്കാനാകും? കോണ്‍ഗ്രസ് നടപടിയോട് എ വി ഗോപിനാഥ്

കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്ന് 2021ല്‍ പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി രാജിവെച്ച ശേഷം പലതവണ കോണ്‍ഗ്രസിലേക്ക് തിരികെ വിളിച്ചു. ഈ ക്ഷണങ്ങള്‍ ഒന്നും താന്‍ സ്വീകരിച്ചില്ല.

0
148

പാലക്കാട്: ഇടത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവകേരള സദസില്‍ പങ്കെടുത്ത എ വി ഗോപിനാഥിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന് എന്തര്‍ഹത? 2021-ല്‍ പാര്‍ട്ടിയുമായുള്ള ഔദ്യോഗിക ബന്ധം രാജിവെച്ച തന്നെ വീണ്ടും എങ്ങനെ പുറത്താക്കാനാകും. ഒരുതവണ രാജിവെച്ച തനിക്കെതിരെ എങ്ങനെ സംഘടനാ നടപടി സ്വീകരിക്കാനാകുമെന്നതാണ് എ വി ഗോപിനാഥിന്റെ ചോദ്യം. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇങ്ങനെയൊരു കാര്യം അറിഞ്ഞതെന്നും പുറത്താക്കിയ വിവരം രേഖമൂലം അറിയിച്ചിട്ടില്ലെന്നും ഗോപിനാഥ് പറഞ്ഞു.

സംഘടനാ തീരുമാനം ലംഘിച്ച് നവകേരള സദസ്സില്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്ന് 2021ല്‍ പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി രാജിവെച്ച ശേഷം പലതവണ കോണ്‍ഗ്രസിലേക്ക് തിരികെ വിളിച്ചു. ഈ ക്ഷണങ്ങള്‍ ഒന്നും താന്‍ സ്വീകരിച്ചില്ല. കോണ്‍ഗ്രസ് ആശയങ്ങളുമായി മുന്നോട്ടുപോകും. അനുഭാവിയായി തുടരും. സിപിഐഎം ക്ഷണം സ്വീകരിച്ചല്ല നവകേരള സദസ്സില്‍ പങ്കെടുത്തത്. സിപിഐഎം നേതാക്കളുമായി ബന്ധമുണ്ട്. അവരാരും പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന വ്യക്തിപരമായ നിലപാട് മുന്നേ തന്നെ മാധ്യമങ്ങളെ അറിയിച്ചതാണ്. ജില്ലയിലെ കര്‍ഷകരുടെ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നവകേരള സദസ്സില്‍ പോയത്. സിപിഐഎം ജില്ലാ സെക്രട്ടറിക്കൊപ്പം തന്നെയാണ് പോയത്. അതുകൊണ്ടുതന്നെ തന്റെ നയങ്ങള്‍ ഒന്നും മാറില്ല. അത് വ്യക്തി ബന്ധമാണെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.