ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

0
215

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.

അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.