ചങ്കരന്മാർ പിന്നേം തെങ്ങിൽ തന്നെ…

നവ കേരള സദസ് തുടങ്ങുന്നതിനുമുമ്പ് സർക്കാർ നടത്തിയ കേരളീയം സതീശനും കൂട്ടരും ബഹിഷ്‌ക്കരിച്ചു. എന്നിട്ടെന്തായി എന്നു ചോദിച്ചാൽ സതീശനെ ജനങ്ങൾ പുച്ഛിച്ചുതള്ളി.

0
1183

ഒരു മാതിരി ശങ്കരൻ വക്കീലിന്റെ കോലത്തിലാണ് പ്ര. നേ വി ഡി സതീശൻ ഇപ്പോൾ പ്രതികരിക്കുന്നത്. രണ്ടര വർഷമായി തുടങ്ങിയ അസ്ക്യത നവ കേരള സദസ് പ്രയാണം തുടങ്ങിയതോടെ അതിന്റെ മൂർദ്ധന്യത്തിലെത്തി. തുടർച്ചയെന്നോണം തനിനിറം കാട്ടിത്തുടങ്ങി. നല്ല സംസ്ക്കാര സമ്പന്നമായി സംസാരിച്ചുതുടങ്ങി. മുമ്പൊരിക്കൽ സ്വന്തം പ്രവർത്തകനെ കുറിച്ച് പറഞ്ഞ മധുരോദാരമായ വാക്കുകളുടെ അത്ര വരില്ലെങ്കിലും ഏതാണ്ട് അതിനോട് കിട പിടിക്കുന്ന വാക്കുകൾ. നവ കേരള സദസ് അശ്ലീല സദസ് ആണെന്നും മുഖ്യമന്ത്രി ക്രിമിനൽ ആണെന്നും ഒക്കെ വിളിച്ചുപറഞ്ഞു. പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് സതീശന്റെ അരുമകളായ, നാക്കിന് ലൈസൻസില്ലാത്ത ‘ചാപ്രകൾ’ (ചാനൽ പ്രവർത്തകർ) എടുത്ത് കൊട്ടിഘോഷിച്ചു. സതീശൻ പറയുന്ന എല്ലാ പെരുംനുണകൾ പെരുമ്പറ കൊട്ടി ഘോഷിച്ചു. വസ്തുത അന്വേഷിക്കാൻ പോലും നിൽക്കാതെ അന്തിചർച്ചയും രാത്രി എഡിറ്റേഴ്‌സ് മീറ്റും നടത്തി. വസ്തുതയാണ് തങ്ങളെ നയിക്കുന്നത് എന്ന ബോർഡും വെച്ചായിരുന്നു ഈ വളിപ്പ് പറയലുകളെല്ലാം.

ബസ്, ആഡംബര ബസ്, ചില്ല്, കറങ്ങുന്ന മേശ, സ്വിമ്മിംഗ് പൂൾ. അങ്ങനെ പോകുന്നു വാർത്തകളുടെ നീണ്ട പട്ടിക, അതും അന്വേഷണാത്മകമാണ് എന്നത് ആ മുദ്ര നോക്കി മനസിലാക്കണം. കൊണ്ടുനടന്നു കൊണ്ടാടി, പക്ഷേ ഒത്തില്ല. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഒന്ന് അങ്ങോട്ടും ഒന്ന് ഇങ്ങോട്ടും ആടിനോക്കി, എന്നിട്ടും രക്ഷയില്ല. ഈ മാധ്യമങ്ങളുടെയും മാപ്രകളുടെയും എല്ലാ കള്ളത്തരങ്ങളും ജനങ്ങൾ സ്വയമേവ പൊളിച്ചടുക്കി കയ്യിൽ കൊടുത്തു, അതും തെളിവ് സഹിതം.

നവ കേരള സദസ് തുടങ്ങുന്നതിനുമുമ്പ് സർക്കാർ നടത്തിയ കേരളീയം സതീശനും കൂട്ടരും ബഹിഷ്‌ക്കരിച്ചു. എന്നിട്ടെന്തായി എന്നു ചോദിച്ചാൽ സതീശനെ ജനങ്ങൾ പുച്ഛിച്ചുതള്ളി. ഇടയ്ക്കൊന്ന് ഹെലികോപ്റ്റർ വിഷയം ഒന്നെടുത്ത് അലക്കാൻ നോക്കി. മിനിറ്റുകൾക്കകം അത് ചീറ്റി. തിരുവനന്തപുരത്ത് നിന്നും ഹൃദയവും കരളും കൊണ്ട് രണ്ട് ജീവൻ രക്ഷിക്കാനുള്ള പ്രയാണത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതോടെ സതീശന്റെ ബഡായി ഡും എന്ന് പൊട്ടി.

ഇതിന് ശേഷമാണ് മെല്ലെ നവ കേരള സദസിനെ അശ്ലീല സദസ് എന്ന് വിളിച്ചുപറഞ്ഞ് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചത്. പിണറായി വിജയനോടും എൽഡിഎഫിനോടും ഉള്ള അസൂയ മൂത്ത് മൂത്ത് സമനില തെറ്റിയ സ്ഥിതിയിലാണ് വി ഡി എസ്. എന്തോ വലിയ ഭാഗ്യമാണ് പിണറായിക്കും മന്ത്രിമാർക്കും. അസൂയയും അരിശവും “മൂത്താൽ” പണ്ട് ഫേസ്ബുക്കിൽ തെറി വിളിച്ച പോലെ തെറി വിളിക്കലാണ് സതീശന്റെ പ്രധാന ഹോബി. എന്നിട്ട് ഹാക്ക് ചെയ്തു എന്ന് പറഞ്ഞ് രംഗത്തുവരികയും ചെയ്യും. എന്തായാലും അരിശം മൂത്ത പ്ര. നേ ഇതുവരെ ആ രീതിയിലേക്ക് പോയിട്ടില്ല. നവ കേരള സദസിന്റെ അഭൂതപൂർവമായ ജനമുന്നേറ്റത്തിൽ സതീശന്റെ കലിപ്പ് കൂടിക്കൂടി വരുന്നുണ്ട്. ഇക്കണക്കിനുപോയാൽ തൃശൂർ എത്തുന്നതോടെ ഫേസ്ബുക്ക് സ്റ്റൈൽ സതീശൻ പുറത്തെടുക്കാൻ സാധ്യത ഏറെയാണ്.

ഇങ്ങനെ ആകെ വശം കെട്ടിരിക്കുമ്പോളാണ് കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തുവരുന്നത്. പിന്നെ പ്ര നേ സട കുടഞ്ഞെഴുന്നേറ്റു. പിന്നെ പ്രസ്താവന, പ്രക്ഷോഭം എന്നിങ്ങനെ സ്ഥിരം കലാപരിപാടികൾ. ഒരു ദിവസം പോലും വേണ്ടിവന്നില്ല വി ഡി സതീശന് തേയാൻ. തേഞ്ഞു എന്നുമാത്രമല്ല, തേഞ്ഞോട്ടുകയും ചെയ്തു.

പോസിറ്റീവ് പൊളിറ്റിക്സ്, ക്രിയേറ്റീവ് പ്രതിപക്ഷം എന്നൊക്കെ പറഞ്ഞ വി ഡി സതീശൻ വന്നുവന്ന് നല്ല മികച്ച തമാശക്കാരനായി മാറി. നല്ല മാനസിക സംഘർഷം ഉണ്ടാകുമ്പോൾ പ്ര നേ വി ഡി സതീശൻ നല്ലൊരു മരുന്നായി മാറിയിട്ടുണ്ട്. ഒരുവേള ചെന്നിത്തലയെയും പിന്നിലാക്കുന്ന പ്രകടനം. കീപ് ഇറ്റ് അപ്പ് എന്നേ പറയാനുള്ളു.