പറഞ്ഞതെല്ലാം പച്ചക്കള്ളമോ? മൊഴികളില്‍ വൈരുദ്ധ്യം; തട്ടിക്കൊണ്ടുപോയത് വിലപേശി പണം കൈക്കലാക്കാന്‍

ക്രഡിറ്റ് കാര്‍ഡ് വഴിയും മറ്റ് പണമിടപാട് നടത്തി. വായ്പകളെല്ലാം തീര്‍ക്കാനുള്ള പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സംശയിക്കുന്നു.

0
277

അടൂര്‍: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. മുഖ്യപ്രതി പദ്മകുമാറിനേയും കുടുംബത്തേയും പുലര്‍ച്ചെ മൂന്ന് മണിവരെ ചോദ്യംചെയ്തതോടെയാണ് ഇവര്‍ ആദ്യം പറഞ്ഞ മൊഴിയില്‍ പലതും കള്ളമാണെന്ന് പൊലീസിന് വ്യക്തമായത്. ഇതോടെ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവത്തില്‍ മൂന്നുപേര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നിട്ടുള്ളത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനും തുടര്‍ന്ന് വിലപേശാനും ഇവര്‍ തീരുമാനിക്കുന്നത്. നേരത്തെ കുട്ടിയുടെ പിതാവുമായി തനിക്ക് സാമ്പത്തിക ഇടപാടുണ്ടെന്നാണ് പത്മകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വിശ്വാസ്യതയാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

പദ്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാനുള്ള പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സംശയിക്കുന്നു.

നേരത്തെ ആറുവയസ്സുകാരിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നായിരുന്നു പദ്മകുമാര്‍ നല്‍കിയ മൊഴി. ഇത് കേസ് വഴിതിരിച്ചുവിടാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മകളുടെ നേഴ്സിങ് അഡ്മിഷനുവേണ്ടി ആറുവയസ്സുകാരിയുടെ പിതാവിന് അഞ്ചുലക്ഷം രൂപ നല്‍കിരുന്നുവെന്നും അഡ്മിഷന്‍ ലഭിക്കാതായതോടെ പണം തിരികെ വാങ്ങാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു ആദ്യമൊഴി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.