ഒരു നാടൻ പാട്ട് പാടണമെന്ന് മുഖ്യമന്ത്രി, പാടിക്കളയാമെന്ന് നഞ്ചിയമ്മ, മണ്ണാർക്കാടിനെ കീഴടക്കി നവകേരള സദസ്

ഹർഷാരവങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചിയമ്മയെ പൊന്നാട അണിയിച്ചു

0
191

മണ്ണാർക്കാട്: നിഷ്കളങ്കമായ ചിരിയോടെ നഞ്ചിയമ്മ. ഒരു നാടൻ പാട്ട് പാടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവ കേരള സദസ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ എത്തിയപ്പോൾ ജന സഹസ്രങ്ങൾ സാക്ഷിയായത് അത്യപൂർവ സംഗമത്തിന്. കലാകാരന്മാരോട് പിണറായി സർക്കാർ കാട്ടുന്ന സ്നേഹ മനോഭാവത്തിന്റെ പ്രതിഫലനമായി മണ്ണാർക്കാട്ടെ സ്വീകരണം.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് നവ കേരള സദസിന്റെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ണാർക്കാട് എത്തിയത്. ഉച്ചക്ക് രണ്ടര മുതൽ ആബാലവൃദ്ധം മുഖ്യമന്ത്രി അടക്കമുള്ളവരെ കാണാൻ കാത്തുനിന്നിരുന്നു. നിറഞ്ഞ കയ്യടികളുടെയും ഹർഷാരവത്തിന്റെയും ഇടയിലേക്ക് വന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലെത്തിക്കാൻ സംഘാടകരും പൊലീസും ഒരുപോലെ ബുദ്ധിമുട്ടി. അട്ടപ്പാടി അടക്കമുള്ള മേഖലകളിലെ ആദിവാസി കുടുംബങ്ങളും സദസിന് എത്തി.

മുഖ്യമന്ത്രിയെ തനതായ രീതിയിൽ വരവേറ്റശേഷം മണ്ഡലത്തിലെ ആളുകളെ ആദരിക്കുന്ന ചടങ്ങായി. ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ നഞ്ചിയമ്മ വേദിയിൽ എത്തിയതോടെ നിലക്കാത്ത കയ്യടി. ഹർഷാരവങ്ങൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചിയമ്മയെ പൊന്നാട അണിയിച്ചു. പിന്നാലെ ഒരു നാടൻ പാട്ട് പാടണമെന്ന് നഞ്ചിയമ്മയോട് മുഖ്യമന്ത്രിയുടെ ആവശ്യം. ജനങ്ങളുടെ കയ്യടി ഉച്ചസ്ഥായിൽ. പ്രസംഗം അല്ല നഞ്ചിയമ്മയുടെ പാട്ടാണ് വേണ്ടതെന്ന് ചെറുചിരിയോടെ മുഖ്യമന്ത്രി. പിന്നാലെ മൈക്കിന് മുന്നിൽ നഞ്ചിയമ്മ.
“സാലു സാലു വെച്ചാമര” എന്ന പാട്ട് നഞ്ചിയമ്മ പാടിയതോടെ സദസ് ഇളകി മറിഞ്ഞു. നിറഞ്ഞ ചിരിയോടെ മുഖ്യമന്ത്രിയും. കലാ -സാംസ്‌കാരിക ലോകത്തെ എൽ ഡി എഫ് സർക്കാർ എങ്ങനെയൊക്കെ ചേർത്തുപിടിക്കുന്നു എന്നതിന്റെ തെളിവായിരുന്നു മണ്ണാർക്കാട്ടെ സ്വീകരണം.