സ്ത്രീ പുരുഷ ശരീര സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന കാലമാണിത്. എന്നിരുന്നാല്‍ തന്നെയും ഇന്നും ഇത്തരം മനോഭാവങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുടെ എണ്ണം കുറവല്ല. മെലിഞ്ഞിരിക്കുന്നവരേയും വണ്ണമുള്ളവരേയുമെല്ലാം സോഷയല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നവരുണ്ട്. ഒരിയ്ക്കലെങ്കിലും ഇത്തരം അവഗണനകള്‍ക്ക് വിധേയമായിട്ടുള്ളവരാണ് ബഹുഭൂരിപക്ഷവും. കേരളത്തില്‍ ജനിച്ച് ബോളീവുഡില്‍ വരെ എത്തി തന്റെ കലാജീവിതത്തെ മനോഹരമാക്കിയ വിദ്യാ ബോലന്‍ പോലും ഇത്തരം ബോഡി ഷെയിമിങ്ങുകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്.
മറ്റുള്ളവരുടെ വാക്കുകള്‍ കാരണം സ്വന്തം ശരീരത്തെ വെറുക്കുന്നവരെക്കുറിച്ചും തനിക്കുണ്ടായ അത്തരം അനുഭവങ്ങളെക്കുറിച്ചുമാണ് വിദ്യ മനസ് തുറന്നത്. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിലാണ് താരം സംസാരിച്ചത്. സ്വന്തം ശരീരത്തോട് തനിക്ക് വെറുപ്പായിരുന്നെന്നും ആ ഘട്ടത്തെ അതിജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. എന്നാല്‍ ഈ മാനസികാവസ്ഥ കരിയറിനെ തന്നെ നശിപ്പിക്കുമെന്നും താരം പങ്കുവെച്ചു.
‘എനിക്ക് എന്റെ ശരീരത്തോട് വെറുപ്പായിരുന്നു. വെറുപ്പു മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ ആഗ്രഹം പോലെയുള്ള ശരീരമായിരുന്നില്ല എനിക്ക്. ഒരു രോഗം പോലെ ഈ ചിന്ത നിരന്തരം എന്റെയുള്ളില്‍ക്കിടന്ന് നീറി. എന്റെ ജീവിതത്തെത്തന്നെ ബാധിച്ച് തുടങ്ങിയപ്പോളാണ്, ഇത്തരം ചിന്തകള്‍ തെറ്റാണെന്നും ഇവ തിരുത്തപ്പെടണമെന്നും ഞാന്‍ മനസിലാക്കിയത്.’
‘ക്യാമറയ്ക്ക് മുന്നില്‍ വലിയ ശരീരമുള്ള ഞാന്‍ എങ്ങനെ നില്‍ക്കും എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. പിന്നീട് പതിയെ പതിയെ എന്റെ ശരീരത്തെ ഞാന്‍ അംഗീകരിച്ച് തുടങ്ങി. അനാവശ്യമായി കുറ്റപ്പെടുത്തുന്നതും കഠിനമായി പരിശ്രമിക്കുന്നതും അവസാനിപ്പിച്ചു. ആരോഗ്യകരമായ രീതിയില്‍ നിലനില്‍ക്കാന്‍ ആരംഭിച്ചു.’
‘ഇത് എന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാക്കി. പേടികൂടാതെ ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നു. മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തും എന്ന് ഞാന്‍ പിന്നീട് ചിന്തിച്ചതേയില്ല. ശരീരമല്ല നിങ്ങളുടെ യോഗ്യതയും അയോഗ്യതയും കണക്കാക്കുന്നത്, മറിച്ച് കഴിവുകളാണ്. സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതാണ് പ്രധാനം.’ വിദ്യാബാലന്റെ വാക്കുകള്‍ക്ക് വലിയ കൈയ്യടിയാണ് ആസ്വാദകര്‍ നല്‍കിയത്.