ന്യൂ ഡല്‍ഹി: ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. 25 സെന്റ് വരെയുള്ള ഭൂമി തരം മാറ്റുന്നതിന് സര്‍ക്കാര്‍ ഫീസ് ഇളവ് നല്‍കിയിരുന്നു. ഇത് 25 സെന്റിന് മുകളിലാണെങ്കില്‍ അധികമായുള്ള സ്ഥലത്തിന് മാത്രം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതിയുടെ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതി മരവിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച് ജസ്റ്റിസുമാരായ സി ടി രവികുമാര്‍, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ചെറിയ അളവില്‍ ഭൂമി തരം മാറ്റുവ്വനരെ സഹായിക്കാനായാണ് 25 സെന്റ് വരെയുള്ളവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫീസ് ഇളവ് നല്‍കിയിരുന്നത്. 25 സെന്റിന് മുകളിലേയ്ക്കുള്ള ഭൂമി തരം മാറ്റലിന് ഇനി മുതല്‍ പ്രത്യേക നിരക്ക് നിലവില്‍വന്നേക്കും. 36 സെൻ്റ് തരം മാറ്റുന്ന ഉടമക്ക് 25 സെന്റിന് ശേഷമുള്ള ഭൂമിക്ക് 10 ശതമാനം ഫീസ് എന്ന് ഉത്തരവാണ് സുപ്രീംകോടതി താല്ക്കാലികമായി തടഞ്ഞത്.
2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും അതില്‍ കൂടുതലുള്ള ഭൂമിയുടെ 10% ന്യായവില അനുസരിച്ച് ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ഇളവ് ചെറുകിട ഭൂമി ഉടമകളെ സഹായിക്കുന്നതിനുവേണ്ടിയാണ്. ഇതോടെയാണ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.