രാഹുല്‍ ഗാന്ധിയുടെ സുരക്ഷ; 40 പോലീസുകാര്‍ക്ക് തുടര്‍ച്ചയായ 50 മണിക്കൂര്‍ ഡ്യൂട്ടി

മാനന്തവാടിയിലേയ്ക്ക് പോകുന്നതിനിടെയുണ്ടായ സുരേക്ഷാ വീഴ്ചയും സേനയ്ക്കുമേലുള്ള അമിത ഭാരത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

0
189

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ വലഞ്ഞ് പോലീസ് സേന. രാഹുലിന്റെ വാഹനവ്യൂഹത്തിനൊപ്പമുള്ള 40 പോലീസുകാര്‍ക്കാണ് തുടര്‍ച്ചയായി 50 മണിക്കൂര്‍ ഡ്യൂട്ടി ലഭിച്ചത്. വയനാട്ടിലും കണ്ണൂരിലും ഒരേസംഘം എത്തിയതോടെയതാണ് ഇതിന് കാരണം. ഇതോടെ ബുധനാഴ്ച ഉച്ച മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചവര്‍ക്ക് വെള്ളിയാഴ്ച വൈകിട്ടുവരെ ഡ്യൂട്ടില്‍ തുടരേണ്ട അവസ്ഥയായി.

നാടുകാണിയില്‍ നിന്നും ആരംഭിച്ച അകമ്പടി യാത്ര പിന്നീട് കണ്ണൂരിലെ സാധു ഓഡിറ്റോറിയത്തിലേയ്ക്കും അവിടെ നിന്ന് മട്ടന്നൂര്‍ വിമാനത്താവളത്തിലേയ്ക്കും നീണ്ടു. ഇതോടെയാണ് ഡ്യൂട്ടി സമയം 50 മണിക്കൂര്‍ നീണ്ടത്. മാനന്തവാടിയില്‍ സംഭവിച്ച സുരക്ഷ വീഴ്ച ആവര്‍ത്തിക്കപ്പെടാതിരിക്കുക എന്ന സമ്മര്‍ദ്ദവും സേനയ്ക്കുണ്ടായിരുന്നു. സാധാരണയായി അതത് ജില്ലകളില്‍ മാത്രമാണ് പോലീസുകാര്‍ക്ക് ഡ്യൂട്ടി ചെയ്യേണ്ടിവരിക. എന്നാല്‍ കണ്ണൂരില്‍ പോലീസുകാര്‍ കുറവുള്ളതിനാലാണ് ഒരേ സംഘത്തോടുതന്നെ രണ്ടിടത്തും തുടരാന്‍ ഡി ഐ ജി ആവശ്യപ്പെട്ടത്.

മാനന്തവാടിയിലേയ്ക്ക് പോകുന്നതിനിടെയുണ്ടായ സുരേക്ഷാ വീഴ്ചയും സേനയ്ക്കുമേലുള്ള അമിത ഭാരത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. കളക്ട്രേറ്റില്‍ നിന്ന് മാനന്തവാടിയിലേയ്ക്ക് പോകുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങളില്‍ പിഴവ് സംഭവിച്ചിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന യാത്ര മാനന്തവാടിയിലേയ്ക്കായിരുന്നു. അതിനാല്‍ത്തന്നെ രണ്ട് പൈലറ്റ് വാഹനങ്ങള്‍ ഇതേ ലക്ഷ്യത്തില്‍ മുന്നോട്ടുപോകുകയും എന്നാല്‍ രാഹുല്‍ ഗാന്ധിയും എസ്‌കോര്‍ട്ട് വാഹനങ്ങളും എസ് പി ഓഫീസിന് സമീപത്തുള്ള റസ്റ്റ് ഹൗസിലേയ്ക്ക് തിരിയുകയും ചെയ്തു. കുറച്ചു ദൂരം പിന്നിട്ടതിന് ശേഷമാണ് പൈലറ്റ് വാഹനങ്ങള്‍ക്ക് വഴിതെറ്റിയ വിവരം വ്യക്തമായത്. ഈ സുരക്ഷ വീഴ്ച ഇനി ആവര്‍ത്തിക്കാതിരിക്കുക എന്നതും സേനയ്ക്കുമേലുള്ള സമ്മർദ്ദം അധികമാക്കുകയാണ്.