ഓർമ്മയായി സുബ്ബലക്ഷ്മി; മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും

സംസ്കാര ചടങ്ങുകളിൽ തീരുമാനമെടുക്കുക വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമാകും.

0
300

അന്തരിച്ച നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം ഇന്ന് മുടവൻ മുകളിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകളിൽ തീരുമാനമെടുക്കുക വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷമാകും . വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു സുബ്ബലക്ഷ്മി. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജി ജി ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. 87 വയസ്സായിരുന്നു.

സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹര്‍ ബാലഭവനില്‍ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ ആർ സുബ്ബലക്ഷ്‍മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു. പിന്നീട് നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു. നന്ദനത്തിലെ വേശാമണി അമ്മാള്‍ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെയാണ് ആര്‍ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. മലയാളത്തിനു പുറമെ നിരവധി ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും സുബ്ബലക്ഷ്‍മി വേഷമിട്ടു.

സിനിമാ സീരിയൽ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. നിരവധി സിനിമകളിലെ മുത്തശ്ശി വേഷങ്ങളിലൂടെയാണ് ശുഭലക്ഷ്മി ശ്രദ്ധേയ ആകുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടൻ വിജയ്ക്കൊപ്പം തമിഴിൽ അഭിനയിച്ച ബീസ്റ്റ് ആണ് സുബ്ബലക്ഷ്‍മിയുടെ അവസാന ചിത്രം.