ഇതിനൊരന്ത്യമില്ലേ? ഗാസയില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍; കൊല്ലപ്പെട്ടവരില്‍ കുട്ടികളും

ഹമാസിനെ നശിപ്പിക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു യു എസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നേരത്തെ  വ്യക്തമാക്കിയിരുന്നു.

0
585

ജറുസലേം: വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഗാസയില്‍ കനത്ത വ്യോമാക്രമണവുമായി ഇസ്രയേല്‍. കഴിഞ്ഞ ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷമാണ് വീണ്ടും ആക്രമണം തുടങ്ങിയത്. കുട്ടികളടക്കം എട്ട് പലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ നിരവധി ആളുകള്‍ക്ക് സാരമായ പരിക്കുകളും പറ്റി.

നാലു ദിവസത്തേയ്ക്ക് ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ന്നുപോകാന്‍ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു പലസ്തീന്‍. എന്നാല്‍ കരാര്‍ നീട്ടാനുള്ള ഖത്തറിന്റേയും ഈജിപ്തിന്റേയും ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണവുമായി ഇസ്രയേല്‍ സൈന്യം എത്തിയത്. വെടിനിര്‍ത്തല്‍ അവസാനിച്ച പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍തന്നെ ഗാസയില്‍ കനത്ത ആക്രമണം ഇസ്രയേല്‍ തുടങ്ങുകയായിരുന്നു.

ഹമാസിനെ നശിപ്പിക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു യു എസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നേരത്തെ  വ്യക്തമാക്കിയിരുന്നു. സമാധാന കരാര്‍ ലംഘിച്ച് ഹമാസ് മിസൈല്‍ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്നാണ് ഇസ്രയേല്‍ വാദം.

വ്യാഴാഴ്ച ജറുസലേമില്‍ വീണ്ടും വെടിവെയ്പ്പുണ്ടായിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതിനിടെയുണ്ടായ സംഭവത്തില്‍ ഏവരും വലിയ ആശങ്കയിലായിരുന്നു. വെടിവെയ്പ്പില്‍ മൂന്ന് ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഹമാസിനെതിരെ ഇസ്രയേല്‍ രംഗത്തെത്തിയിരുന്നു.