ബംഗാള്‍ ഉള്‍ക്കടലില്‍ ‘മിയാചൗങ്’ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദ്ദേശം, അറിയേണ്ടതെല്ലാം

ഈ വര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ആറാമത്തെയും ബംഗാള്‍ ഉള്‍ക്കടലിലെ നാലാമത്തെയും ചുഴലിക്കാറ്റാണ് 'മിയാചൗങ്'.

0
7131

ന്യൂ ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ചുഴലിക്കാറ്റില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ‘മിയാചൗങ്’ ചുഴ്‌ലിക്കാറ്റ് ഡിസംബര്‍ നാലോടെ തമിഴിനാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേയ്ക്ക് എത്തുമെന്നും ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാനിലും രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇരട്ട ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവില്‍ മിയാചൗങ് നേരിട്ട് കേരളത്തിന് ഭീഷണിയാകുന്നില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്നലെ മുതല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മഴ ശക്തമായി. ഇതോടെ മത്സബന്ധതത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കി.

കൂടാതെ, നിലവില്‍ കടലില്‍ പോയിട്ടുള്ളവര്‍ ഡിസംബര്‍ ഒന്നിനകം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തീരത്തേക്ക് മടങ്ങാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് തമിഴ്‌നാട് മുതല്‍ ഒഡീഷ തീരത്ത് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് റീജിയന്‍ ഈസ്റ്റ് അതീവ ജാഗ്രതയിലാണ്.

ഒഡീഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലായി ചുഴലിക്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഡിസംബര്‍ മൂന്നിനും അഞ്ചിനുമിടയില്‍ സംസ്ഥാനത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഈ വര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ആറാമത്തെയും ബംഗാള്‍ ഉള്‍ക്കടലിലെ നാലാമത്തെയും ചുഴലിക്കാറ്റാണ് ‘മിയാചൗങ്’. മ്യാന്‍മര്‍ ആണ് ഈ ചുഴലിക്കാറ്റിന് പേര് നല്‍കിയത്.