നയൻസിന് കോടികൾ വിലമതിക്കുന്ന പിറന്നാൾ സമ്മാനം നൽകി വിഘ്നേശ്; കള്ള്തള്ളി ആരാധകർ

വിക്കി കരുതിവെച്ച സമ്മാനം നയൻതാരയുടെ കൈകളിലെത്തിക്കഴിഞ്ഞു. എന്താണ് സമ്മാനമെന്ന് വെളിപ്പെടുത്തി സോഷ്യമീഡിയയിൽ നയൻസ് തന്നെയാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

0
398

തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടിമാരിലൊരാണ് നയൻതാര. നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കെെപറ്റുന്ന നയൻതാര ആഡംബരം നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. ഒരാഴ്ച മുമ്പാണ് നയൻതാര തന്റെ മുപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഭർത്താവ് വിക്കിക്കുമൊപ്പം കേക്ക് മുറിച്ചായിരുന്നു നയൻതാരയുടെ പിറന്നാൾ ആ​ഘോഷം. മക്കളുടെ ജനനത്തിന് ശേഷം ഓരോ ദിവസവും നയൻതാരയ്ക്കും വിക്കിക്കും ആഘോഷമാണ്. പിറന്നാൾ ദിനത്തിൽ‌ ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമായിരുന്നു വിഘ്നേഷ് ശിവൻ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

എന്നാൽ ​പിറന്നാളായിട്ട് ഭാര്യയ്ക്ക് വിക്കി സമ്മാനമൊന്നും നൽകിയില്ലേ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. ഇനി ആ സംശയത്തിന്റെ ആവശ്യം ഇല്ല. വിക്കി കരുതിവെച്ച സമ്മാനം നയൻതാരയുടെ കൈകളിലെത്തിക്കഴിഞ്ഞു. എന്താണ് സമ്മാനമെന്ന് വെളിപ്പെടുത്തി സോഷ്യമീഡിയയിൽ നയൻസ് തന്നെയാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത് . മെഴ്‌സിഡസ് മെബാക്ക് എന്ന കോടികൾ വിലയുള്ള ആഢംബര കാറാണ് ഭാര്യയ്ക്കായുള്ള ഇത്തവണത്ത വിക്കിയുടെ സമ്മാനം.

ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം സുന്ദരി. വിക്കി എന്റെ പ്രിയപ്പെട്ട ഭർത്താവ്.ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനം നൽകിയതിന് നന്ദി. ലവ് യൂ എന്നാണ് ഭർത്താവ് നൽകിയ പിറന്നാൾ സമ്മാനത്തിനൊപ്പമുള്ള ചിത്രം പങ്കിട്ട് നയൻതാര കുറിച്ചത്. മെഴ്‌സിഡസ് മെബാക്ക് എംബ്ലത്തിന് ചുറ്റും ഹാർട്ട് ഷേപ്പിൽ വിക്കിക്കൊപ്പം കൈ ചേർത്ത് നിൽക്കുന്ന ചിത്രവും നയൻതാര പങ്കിട്ടിട്ടുണ്ട്.

വൻകിട ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ഇടയിൽ ഒരു ജനപ്രിയ മോഡലായി മാറിയിട്ടുണ്ട് മെഴ്‌സിഡസ് മെബാക്ക്. മെബാക്ക് എസ് ക്ലാസ് വില 3.80 കോടി രൂപയിൽ ആരംഭിക്കുന്നു. കസ്റ്റമൈസേഷനുകളും മറ്റ് ഫീച്ചറുകളും തിരഞ്ഞെടുക്കുമ്പോൾ വില നാല് കോടി കടക്കും.

അതേസമയം നയൻതാരയ്ക്ക് ലഭിച്ച പിറന്നാൾ‌ സമ്മാനം കോടികൾ വിലയുള്ളതാണെന്ന് മനസിലാക്കിയതോടെ വിഘ്നേഷിന് ഭാര്യയ്ക്ക് അത്യാഢംബര കാർ വാങ്ങി കൊടുക്കാനുള്ള സമ്പാദ്യമുണ്ടോയെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യങ്ങൾ. നയൻതാര വിക്കിക്ക് വാങ്ങികൊടുത്തതാണെന്നാണ് ആദ്യം കരുതിയത്, ഭർത്താവായാൽ ഇങ്ങനെ വേണം സമ്മാനം അതി​ഗംഭീരം, മെബാക്ക് വാങ്ങാനുള്ള സമ്പാദ്യം വിക്കിക്കുണ്ടോ? അതോ നയൻതാരയുടെ വരുമാനത്തിൽ നിന്നും എടുത്തിട്ടാണോ വാങ്ങിയത്? എന്നൊക്കെയാണ് വിക്കിയെ പ്രശംസിച്ചും പരിഹസിച്ചും നയൻസിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ. ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് മൂന്ന് കോടി വരെ പ്രതിഫലം വാങ്ങുന്ന വിഘ്നേഷ് ശിവന് മെഴ്‌സിഡസ് മെബാക്കൊക്കെ നിസാരം എന്നാണ് മറ്റൊരാൾ കുറിച്ചത്. എന്തായാലും പുതിയ സമ്മാനമൊക്കെ കിട്ടി കൂടുതൽ സന്തോഷ വതിയായിരിക്കുകയാണ് നമ്മുടെ നയൻസ് ഇപ്പോൾ.