ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോ​ഗോ പരിഷ്കരണം; ‘ അശോക സ്തംഭവും ഇന്ത്യയും’ പുറത്ത്, പകരം ‘ധന്വന്തരിയും ഭാരതും’

ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ചേർത്തും, അശോക സ്‌തംഭം ഒ‍ഴിവാക്കി ഹിന്ദുദൈവം ധന്വന്തരിയെ ലോഗോയുടെ നടുവില്‍ ഉള്‍പ്പെടുത്തിയുമാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോ​ഗോ പരിഷ്‌കരണം നടത്തിയിരിക്കുന്നത് .

0
221

ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തിൽ രൂക്ഷവിമർശനം ഉയരുന്നു. ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ചേർത്തും, അശോക സ്‌തംഭം ഒ‍ഴിവാക്കി ഹിന്ദുദൈവം ധന്വന്തരിയെ ലോഗോയുടെ നടുവില്‍ ഉള്‍പ്പെടുത്തിയുമാണ് പരിഷ്‌കരണം നടത്തിയിരിക്കുന്നത് . ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം ഇടം പിടിച്ചത്. ലോഗോയുടെ നടുവിലായി കളർ ചിത്രത്തിലാണ് ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രം ഉൾപ്പെടുത്തിയത്. നാഷണൽ മെഡിക്കൽ കമ്മീഷൻ ഓഫ് ഇന്ത്യ എന്നതിനു പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഭാരത് എന്നും മാറ്റി.

കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്. ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കണമെന്ന വാദം സജീവമായി നിലനിൽക്കുകയാണ്. ലോഗോ മാറ്റത്തിന് പിന്നാലെ ആരോഗ്യമേഖലയില്‍ നിന്നടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്.ആരോഗ്യ രംഗത്തെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന കമ്മീഷൻ മതേതരമായും പുരോഗമനപരമായും പ്രവർത്തിക്കണമെന്നാണ് ആവശ്യം.

എന്നാൽ ധന്വന്തരിയുടെ ചിത്രം നേരത്തെ ഉണ്ടായിരുന്നതായും ഇത് കളർ ചിത്രമാക്കി മാറ്റിയതാണെന്നുമാണ് വിവാദത്തെ പിന്തുണക്കുന്നവരുടെ വാദം.അതേസമയം,മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.