മാധ്യമങ്ങൾക്ക് താക്കീതുമായി മുഖ്യമന്ത്രി; ദു:ഖിക്കുന്നവരുടെ മുമ്പിലേക്ക് ഔചിത്യമില്ലാത്ത ചോദ്യം പാടില്ല

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറ്റവാളികള്‍ക്ക് സഹായമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0
175

കൊല്ലത്ത് തട്ടിക്കൊണ്ട് പോയ ആറുവയസ്സുകാരിയെ കണ്ടെത്തിയത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയെ കണ്ടെത്താൻ പരിശ്രമിച്ച പൊലീസിനും നാട്ടുകാർക്കും അഭിനന്ദനം അറിയിക്കുകയാണ്. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറ‍ഞ്ഞു. മലപ്പുറത്തെ നവകേരള സദസ്സിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, ഇത്തരത്തിലുള്ള സംഭവങ്ങള്‍ നാട്ടില്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി കരുതലോടെ വാര്‍ത്തകള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വല്ലാത്ത ദു:ഖം അനുഭവിക്കുന്നവരുടെ മുമ്പിലേക്ക് ഔചിത്യമില്ലാത്ത ചോദ്യവുമായി പോകരുത് .അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറ്റവാളികള്‍ക്ക് സഹായമാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. എന്നാല്‍ വിവരങ്ങള്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ നല്ല പങ്ക് വഹിച്ചവെന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് നടത്തിയത്. കുറ്റവാളികളെ ഉടൻ പിടികൂടും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഒരു കുറ്റകൃത്യവും വെച്ചു പൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.