സില്‍ക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്; കുടുങ്ങിക്കിടന്ന തൊഴിലാളികൾ പുറത്തേക്ക്.

പതിനേഴ് ദിവസങ്ങൾക്ക് ശേഷം സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികൾ പുറത്തേക്ക്. ദൗത്യം വിജയകരമെന്ന് അധികൃതർ അറിയിച്ചു.

0
343

ഉത്തരകാശി:നീണ്ട പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ശേഷം ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തിലേക്ക്. ദൗത്യത്തിന്റെ അവസാനഘട്ട തുരക്കല്‍ പൂര്‍ത്തിയായിരിക്കുകയാണ്.

ദുരന്ത നിവാരണ സേന തുരങ്കത്തിനകത്തേക്ക് കടന്നു. സ്ട്രെച്ചറുകള്‍ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെടുക്കുന്ന രീതിയാണ് രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നത്. 41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇതിൽ 10 പേരെ ഇതുവരെയും പുറത്തെത്തിച്ചു. ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു.

ദൗത്യം വിജയകരമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് കയറിയിരുന്നു. കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു.

ഉടന്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും.യന്ത്രങ്ങൾ ഉപയോഗിക്കാതെ തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.