വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും; മൂന്ന് ജില്ലകൾക്ക് യെല്ലോ അലര്‍ട്ട്.

വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നത്.

0
263

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നത്.

അതേസമയം, വെള്ളിയാഴ്ചയും ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ്മുന്നറിയിപ്പ് നൽകുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.