മറ്റൊരു പൊൻതൂവൽ കൂടി, കേരള പൊലീസിന് ബിഗ് സല്യൂട്ട്

തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ കേരള പൊലീസിന് അഭിനന്ദ പ്രവാഹം. കുട്ടിയുടെ തട്ടിക്കൊണ്ടുപോകൽ മുന്നിൽ നിർത്തി വിവാദങ്ങളും കുത്തിത്തിരിപ്പും ഉണ്ടാക്കാനായിരുന്നു മാധ്യമങ്ങളുടെ പദ്ധതി പാളി.

0
587

തിരൂർ: കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ പൊലീസ് കണ്ടെത്തിയെന്ന ആശ്വാസവും ആഹ്ലാദകരവുമായ വാർത്ത പുറത്തുവന്നതോടെ കേരള പൊലീസിന് അഭിനന്ദ പ്രവാഹം. കുട്ടിയുടെ തട്ടിക്കൊണ്ടുപോകലിനെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷത്തിന്റെയും വിഷയം സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ കുബുദ്ധിയും പൊലീസിന്റെ സക്രിയമായ ഇടപെടലിലൂടെ ഇല്ലാതാക്കാൻ കഴിഞ്ഞു എന്നതാണ് ഏറെ പ്രധാനം. കുട്ടിയുടെ തട്ടിക്കൊണ്ടുപോകൽ മുന്നിൽ നിർത്തി വിവാദങ്ങളും കുത്തിത്തിരിപ്പും ഉണ്ടാക്കാനായിരുന്നു മാധ്യമങ്ങളുടെ പദ്ധതി. ഇതിന്റെ ഭാഗമായി ചില മാധ്യമപ്രവർത്തകർ സാമാന്യബോധമില്ലാതെയാണ് കഴിഞ്ഞ ദിവസം പെരുമാറിയത്. ഔചിത്യബോധം തൊട്ടുതീണ്ടാത്ത മാധ്യമപ്രവർത്തകർ പൊലീസിനെയും സർക്കാരിനെയും കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. മാധ്യമങ്ങളുടെ വാക്ക് കേട്ട് യൂത്ത് കോൺഗ്രസും ബിജെപിയും പൊലീസ് സ്റ്റേഷൻ മാർച്ച് വരെ നടത്തി.

മുതലെടുപ്പ് നടത്താനുള്ള മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങൾക്കിടയിലും പൊലീസ് ഇതൊന്നും ഗൗനിക്കാതെ സമഗ്ര അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞപ്പോൾ തന്നെ ആഭ്യന്തര വകുപ്പും പൊലീസും ഉണർന്നുപ്രവർത്തിച്ചു. ഒരു രാത്രി മുഴുവനും ഒരു പകലും ഒരു സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയിട്ടും കുറ്റപ്പെടുത്തകൾ ഉണ്ടായിട്ടും പൊലീസ് അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു.കേരള പൊലീസിനെ സംബന്ധിച്ച് ആത്മസംഘർഷത്തിൻ്റേയും ഉറക്കമില്ലായ്മയുടേയും ഒരു രാത്രിയായിരുന്നു. കണ്ണിമ ചുമ്മാതെയുള്ള അന്വേഷണത്തിനോടുവിലാണ് ആശ്വാസവാർത്ത പുറത്തുവന്നത്.

പഴുതടച്ച അന്വേഷണം കേരള പോലീസിൻ്റെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി എഴുതി ചേർക്കുകയാണ്. പൊലീസിന് ഒരു കടിഞ്ഞാണും ഇല്ലാതെ സ്വതന്ത്രമായി വിട്ടാൽ കേരളത്തെ അവർ നിധിപോലെ കാക്കുമെന്ന് കൊല്ലം സംഭവം തെളിയിക്കുന്നു.കുട്ടിയെ കണ്ടുകിട്ടിയിട്ടും അത് പൊലീസിന്റെ മിക്കവാണ് എന്ന് പറയാൻ ഒരു മാധ്യമങ്ങൾ പോലും തയ്യാറായില്ല. മനോരമയും റിപ്പോർട്ടറും പൊലീസിന്റെ കാര്യക്ഷമത ഇകഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് നാട്ടുകാർ കണ്ടെത്തി എന്ന മട്ടിലായിരുന്നു വാർത്ത. കേരള പൊലീസിന്റെ ഇടപെടലുകൾ മറച്ചുവെക്കാനാണ് വാർത്തയിൽ ഉടനീളം ശ്രമിച്ചത്. എന്നാൽ സമൂഹ മാധ്യമങ്ങൾ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് കയ്യോടെ പൊളിച്ചുകൊടുത്തു.